കേരളം

kerala

ETV Bharat / city

സ്വര്‍ണക്കടത്തിലും ശിവശങ്കര്‍ പ്രതി; കസ്‌റ്റംസിന് അറസ്‌റ്റ് ചെയ്യാൻ അനുമതി

എൻഫോഴ്‌സ്‌മെന്‍റ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എം.ശിവശങ്കറിനെതിരെയുള്ള കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജൻസികൾ

shivasankar arrest  സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍  gold smuggling case  ശിവശങ്കര്‍ അറസ്‌റ്റില്‍
സ്വര്‍ണക്കടത്തിലും ശിവശങ്കര്‍ പ്രതി; കസ്‌റ്റംസിന് അറസ്‌റ്റ് ചെയ്യാൻ അനുമതി

By

Published : Nov 23, 2020, 1:49 PM IST

എറണാകുളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തു. ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കംസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് എം.ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസ് നൽകിയ അപേക്ഷ അംഗീകരിച്ചത്.

സ്വർണക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയെന്ന് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നേരത്തെ മുപ്പത് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ച എം.ശിവശങ്കറിനെ കോടതിയുടെ അനുമതിയോടെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്തത്.

സ്വപ്ന സുരേഷിനെയും കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നാണ് നിർണായക തീരുമാനത്തിലേക്ക് കസ്റ്റംസ് കടന്നത്. ശിവശങ്കറിനെതിരെ നിർണായകമായ തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അറസ്റ്റിന് അനുമതി തേടി കസ്റ്റംസ് കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് പിന്നാലെയാണ് കസ്റ്റംസും എം.ശിവശങ്കറിനെ പ്രതി ചേർത്തത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമായിരുന്നു ഇ.ഡി. ശിവശങ്കറിനെ പ്രതി ചേർത്തിരുന്നത്. എന്നാൽ ഇതോടെ സ്വർണക്കടത്ത് കേസിൽ കൂടി എം.ശിവശങ്കർ പ്രതിയാവുകയാണ്. എൻഫോഴ്‌സ്‌മെന്‍റ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എം.ശിവശങ്കറിനെതിരെയുള്ള കുരുക്ക് മുറുക്കുകയാണ് കേന്ദ്ര ഏജൻസികൾ എന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസിന്റെ നടപടി . പുതിയ സാഹചര്യത്തിൽ എൻ.ഐ.എ കൂടി ശിവശങ്കറിനെതിരെ അന്വേഷണം ആരംഭിക്കാനുള്ള സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details