എറണാകുളം :എകെജി സെന്‍റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പ്രതി ചേർത്തതിനെതിരെ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. കോൺഗ്രസുകാരനെ പ്രതിയാക്കണമെന്ന സിപിഎം അജണ്ടയുടെ ഭാഗമായാണ് ജിതിനെ അറസ്റ്റ് ചെയ്‌തതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.
ഇപ്പോഴുള്ള പൊലീസ് നടപടി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളം നൽകുന്ന സ്വീകാര്യതയുടെ അസ്വസ്ഥതയാണ്. എകെജി സെൻ്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസിൻ്റെ പല നേതാക്കളെയും ഭാവനാപൂര്‍വം പ്രതി ചേർക്കാൻ നേരത്തെ തന്നെ ശ്രമം നടന്നിരുന്നു. യൂത്ത് കോൺഗ്രസുകാർ ഉള്‍പ്പെട്ടിരുന്നെങ്കില്‍ പൊലീസ് ഇത്രയും നാൾ കാത്ത് നിൽക്കുമായിരുന്നോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
ALSO READ:എകെജി സെന്‍റർ ആക്രമണം : ജിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
ഇന്ന് പുലർച്ചെയാണ് ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.ജിതിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജിതിന്‍ തന്നെയാണ് കുറ്റം ചെയ്‌തത് എന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം.
ALSO READ:ഒടുവില്‍ പ്രതിയെ കിട്ടി, സി.പി.എമ്മിന് ആശ്വാസം: വിവാദം അവസാനിക്കുന്നില്ല
സ്‌ഫോടക വസ്‌തുവെറിഞ്ഞ സമയത്ത് ജിതിന്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തിന്‍റെ ഡിയോ സ്‌കൂട്ടറാണ്. ഇത് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്. ജിതിന്‍ സ്‌ഫോടക വസ്‌തുവെറിഞ്ഞ സമയത്ത് ധരിച്ച വസ്‌ത്രവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ജിതിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.