എറണാകുളം:കൊച്ചിയിൽ പ്രവർത്തിക്കുന്ന ടാറ്റു സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ പൊലീസിന് രേഖമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍. എന്നാല്‍ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിന്‍റെയടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഡിസിപി വി.യു കുര്യാക്കോസ് അറിയിച്ചു. സമാന പരാതികള്‍ മറ്റ് യുവതികളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആരോപിച്ചതായി കണ്ടു. ഇത്രയധികം പരാതിയുണ്ടായിട്ടും ആരും പൊലീസിനെ സമീപിക്കാത്തതും അന്വേഷണ പരിധിയില്‍ പെടുത്തുമെന്നും ഡ.സി.പി പറഞ്ഞു.
ടാറ്റു ആർട്ടിസ്റ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയായിരുന്നു. ഒരാഴ്‌ച മുമ്പ് ടാറ്റു ചെയ്യാനെത്തിയപ്പോഴായിരുന്നു ഉടമയുടെ പീഡനം. ഇതിനെതിരെ പരാതിപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നതെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പെൺകുട്ടികൾ ഇയാൾക്കെതിരെ സമാനമായ പരാതിയുമായി രംഗത്തെത്തിയത്.