എറണാകുളം :കൊച്ചിയിലെ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. കല്യാണച്ചമയത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന് മൂന്ന് യുവതികളാണ് ഇമെയിൽ വഴി പരാതി നൽകിയത്.
ഇതേക്കുറിച്ച് പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് കൊച്ചി ഡി.സി.പി. വി.യു കുര്യാക്കോസ് പറഞ്ഞു. യുവതികളുടെ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി അറിയിച്ചു. കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തില്‍ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Also Read: ടാറ്റു സ്റ്റുഡിയോ ലൈംഗിക ആരോപണം: പരാതി കിട്ടിയില്ല, അന്വേഷണവുമായി മുന്നോട്ട് പോകും: ഡെപ്യൂട്ടി കമ്മിഷണര്‍
മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ഇയാളുടെ സ്റ്റുഡിയോയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്.
ഇതോടെ ഇയാള്‍ ഒളിവിൽ പോയതായാണ് വിവരം. കൊച്ചിയിൽ സൗന്ദര്യ വർധക വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഉൾപ്പടെ ഇയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്. 2014 മുതല്‍ ഈ മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്.