എറണാകുളം: ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണ പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
വിദഗ്‌ധ സമിതി രൂപീകരിച്ച് പാഠ്യപദ്ധതി തയ്യാറാക്കി 2023-24 അധ്യയന വർഷത്തിൽ നടപ്പിലാക്കാനാണ് ഹൈക്കോടതി സിബിഎസ്‌ഇയ്‌ക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിരിക്കുന്നത്. ആറ് മാസക്കാലയളവാണ് കോടതി ഇതിനായി അനുവദിച്ചിരിക്കുന്ന സമയം. രണ്ട് മാസത്തിനുള്ളിൽ വിദഗ്‌ധ സമിതി രൂപീകരിക്കാനും നിർദേശിച്ചു.