എറണാകുളം : മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം റോയ് (82) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
കേരളത്തിലെ മാധ്യമ മേഖലയിലെ ഗുരുസ്ഥാനീയനായ പ്രതിഭയെയാണ് കെ.എം. റോയിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. അരനുറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിത്വം കൂടിയായിരുന്നു കെ.എം റോയ്.
എറണാകുളം മഹാരാജാസ് കോളജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961 ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായാണ് മാധ്യമ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
ALSO READ :റംബൂട്ടാനടക്കം പഴങ്ങളില്‍ നിപ വൈറസ് സാന്നിധ്യമില്ല ; പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്
ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിലും വാർത്താ ഏജൻസിയായ യു.എൻ.ഐയിലും പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിന്‍റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെയാണ് സജീവ പത്രപ്രവർത്തന രംഗത്ത് നിന്നും വിരമിച്ചത്.
അധ്യാപകൻ, നോവലിസ്റ്റ് എന്നീ നിലകളിലും കെ.എം. റോയ് പ്രശസ്‌തനാണ്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ശക്തമായ നിലപാടുകളിലൂടെയും അദ്ദേഹം ശ്രദ്ധനേടി.
മാധ്യമ പ്രവർത്തന രംഗത്തെ മികവ് പരിഗണിച്ച് നിരവധി അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‌കാരം ഞായറാഴ്‌ച തേവര സെന്‍റ് ജോസഫ് പള്ളിയിൽ നടക്കും.