എറണാകുളം: ഇന്നലെ അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം റോയിയുടെ മൃതദേഹം സംസ്‌കരിച്ചു. തേവര സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കലക്‌ടര്‍ ജാഫർ മാലിക് പുഷ്‌പചക്രം അർപ്പിച്ചു. സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള നിരവധിയാളുകൾ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വസതിയിൽ വെച്ച് ശനിയാഴ്‌ച വൈകുന്നേരമായിരുന്നു അന്ത്യം സംഭവിച്ചത്. ദീർഘനാളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിയായിരുന്നു കെ.എം റോയ്.
1939ല്‍ ഏറണാകുളത്തെ കരീത്തറ വീട്ടിലായിരുന്നു കെ.എം റോയിയുടെ ജനനം. 1963ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ എംഎക്ക് പഠിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപ്രകാശം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തിലും കേരളഭൂഷണം പത്രത്തിലും പ്രവർത്തിച്ചു. പിന്നീട് ദി ഇക്കണോമിക്‌സ് ടൈംസിന്‍റെ റിപ്പോര്‍ട്ടറായി രണ്ടു കൊല്ലം പ്രവര്‍ത്തിച്ചു. 1970ല്‍ കോട്ടയത്ത് ദി ഹിന്ദു ദിനപത്രത്തിന്‍റെ റിപ്പോര്‍ട്ടറായും 1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്‍റെ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു.