കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെതിരെ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിനെതിരെ ഒരു വകുപ്പ് കൂടി ചേര്‍ത്താണ് അന്വേഷണ സംഘം കുരുക്ക് മുറുക്കിയത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്ന് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് 302 വകുപ്പ് കൂടി ചേര്‍ത്തു.
Section 302 against Dileep: സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ നടന്‍ ഗൂഢാലോചന നടത്തിയതെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ദിലീപ് ഉൾപ്പടെ ആറു പേർക്കെതിരെ കേസെടുത്തു. ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്‍റെ ഈ നിര്‍ണായകമായ നീക്കം.
വധശ്രമ ഗൂഢാലോചന തെളിയിക്കുന്ന സാക്ഷിമൊഴികളും ശബ്‌ദരേഖകളും പരിശോധിച്ച ശേഷമാണ് ക്രൈം ബ്രാഞ്ച് 302 വകുപ്പ് കൂടി ഉൾപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ മൊഴിയുൾപ്പടെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് പുതിയ വകുപ്പ് പ്രകാരമുള്ള എഫ്.ഐ.ആർ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ചിട്ടുണ്ട്.
Crime Branch against Dileep: ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ദിലീപിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ കേസിൽ അന്വേഷണം പ്രഥമിക ഘട്ടത്തിലാണ്. സിനിമാ നടനായ പ്രതി സ്വാധീനമുള്ള വ്യക്തിയാണ്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ അന്വേഷണം നടക്കണമെങ്കിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുത്. ഗൂഢാലോചന നടന്നത് ദിലീപിന്‍റെ ആലുവയിലെ വീട്ടിൽ വെച്ചാണ്. 24 ശബ്‌ദ ഫയലുകൾ തെളിവായി ഹാജരാക്കിയുണ്ട്. ശബ്‌ദരേഖകളുടെ ഫോറൻസിക് പരിശോധന നടത്തേണ്ടതുണ്ട്. പ്രതികളുടെ വീട്ടിൽ നിന്നും 14 രേഖകൾ കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Also Read: 'ഹൃദയം' തിയേറ്ററുകളിലേക്ക്; വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് വിനീത്