എറണാകുളം:ജനാധിപത്യത്തിന്‍റെ ഉത്സവമാണ് തെരഞ്ഞെടുപ്പ്. ചരിത്രത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കാലത്തിനും പറയാൻ ആയിരം കഥകളുണ്ടാകും. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം മിക്കപ്പോഴും സാഹിത്യവും സാംസ്‌കാരിക ലോകവും ഇടകലർന്നതാണ്. സാഹിത്യകാരൻമാർ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും രാഷ്ട്രീയം പറയുന്നതും കേരളത്തില്‍ പുതിയ കാര്യവുമല്ല. കേരള സംസ്ഥാനത്തിന്‍റെ രൂപീകരണത്തിന് മുൻപും ശേഷവും രാഷ്ട്രീയവുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്ന മലയാള സാഹിത്യ സാംസ്‌കാരിക ലോകത്തെ കാരണവർ എം.കെ സാനു മാസ്റ്റര്‍ ഓർമകൾ പങ്കുവെയ്ക്കുകയാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപും ശേഷവും സാനുമാസ്റ്റർ വോട്ട് ചെയ്തിട്ടുണ്ട്. രാജവാഴ്ചയുടെ കാലത്തും അതിന് ശേഷവും കരം കൊടുക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യാൻ അവകാശം ഉണ്ടായിരുന്നുള്ളൂ. ആ കാലത്ത് തന്നെ താൻ വോട്ട് ചെയ്തിരുന്നുവെന്ന് എം.കെ.സാനു മാസ്റ്റർ ഓർക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച ശേഷവും പരസ്യമായി വോട്ട് ചെയ്യുന്ന രീതിയായിരുന്നു. ചിലർ ആളുകളെ കൂട്ടിക്കൊണ്ട് വരികയും അവർ പറയുന്ന ആളുകൾക്ക് വോട്ട് ചെയ്യുന്നതും കണ്ടിരുന്നു. പണക്കാർ, ജന്മിമാർ എന്നിവരായിരുന്നു പരസ്യമായി വോട്ട് ചെയ്യിച്ചിരുന്നത്. വോട്ട് ചെയ്‌താല്‍ പ്രതിഫലം നൽകും. നേരത്തെ പ്രതിഫലം കൊടുത്ത് വോട്ട് ചെയ്യുന്ന രീതിയും അന്നുണ്ടായിരുന്നു. വോട്ടു ചെയ്യുന്നതിന് രഹസ്യ സ്വഭാവം കൈവന്നതോടെ പരസ്യമായി പണം കൊടുക്കുന്ന രീതിയും അവസാനിച്ചു.
ഒരിക്കലും വോട്ട് ചെയ്യാതിരുന്നിട്ടില്ലെന്നും എം.കെ. സാനുമാസ്റ്റർ പറഞ്ഞു. പണത്തിന്‍റെ സ്വാധീനം കുറഞ്ഞെങ്കിലും ജാതിയും മതവും ഇന്നും വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സാഹിത്യവും, സാംസ്കാരിക പ്രവർത്തനവുമായിരുന്നു സ്വന്തം മേഖലയെങ്കിലും സാനുമാസ്റ്റർക്ക് സ്വന്തമായ രാഷ്ട്രീയ വീക്ഷണമുണ്ടായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്‍റ് ആയിരിക്കെ അഴിമതിക്കെതിരെ നടത്തിയ പ്രതികരണങ്ങളായിരുന്നു തന്നെ നിയമസഭയിൽ മത്സരിപ്പിക്കണമെന്ന ആവശ്യമുയരാൻ കാരണമായതെന്ന് സാനുമാസ്റ്റർ ഓർക്കുന്നു. സ്ഥാനാർഥിയാകാൻ താല്പര്യമില്ലായിരുന്നു. സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് 1987-ൽ ഇടതു മുന്നണിയുടെ പിന്തുണയോടെ എറണാകുളം മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്.
തത്വാധിഷ്ഠിതമായ രാഷ്ട്രീയമാണ് ഇത്തവണ അവതരിപ്പിക്കുന്നത് എന്ന് ഇ.എം.എസ് പറഞ്ഞു. അത് എന്താണെന്ന് താൻ ഇ.എം.എസിനോട് തന്നെ ചോദിച്ചു. ജാതി മത വിഭാഗങ്ങളുടെ പിന്തുണ തേടാതെയും, അവരുമായി കൂട്ട് കൂടാതെയും തികച്ചും രാഷ്ട്രീയമായി മത്സരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനോട് സാനു മാസ്റ്റർക്ക് യോജിപ്പുണ്ടോയെന്നും ഇഎംഎസ് ചോദിച്ചു. സാംസ്കാരിക രംഗത്തുള്ളവരെ കൂടി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു. രാഷ്ട്രീയ രംഗത്തെ സാംസ്കാരികവൽക്കരിക്കുന്ന പ്രവർത്തനമായിട്ടാണ് അതിനെ ഇഎംഎസ് വ്യഖ്യാനിച്ചതെന്നും സാനു മാസ്റ്റർ ഓർമ്മിക്കുന്നു.