എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി സന്ദീപ് നായർ, പതിനഞ്ചാം പ്രതി ടി.പി. അബ്ദു എന്നിവർക്കാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. എൻഐഎ ചുമത്തിയ യുഎപിഎ കേസിൽ സന്ദീപ് നാലാം പ്രതിയാണ്. ടി.പി. അബ്ദു ഒമ്പതാം പ്രതിയുമാണ്. ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയില്ല.
സ്വര്‍ണക്കടത്ത്; സന്ദീപ് നായര്‍ക്ക് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ല
കസ്‌റ്റംസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ എന്‍ഐഎ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലായതിനാല്‍ പുറത്തിറങ്ങാനാകില്ല.
മുഖ്യപ്രതി കെ.ടി. റമീസ് ഉൾപ്പടെയുള്ള പ്രതികൾക്കും കുറ്റപത്രം വൈകിയതിനാൽ നേരത്തെ ഉപാധികളോടെ കോടതി ജാമ്യം നൽകിയിരുന്നു. അതേ സമയം സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന്‍റെ അപേക്ഷ എ.സി.ജെ.എം കോടതി അംഗീകരിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാനാണ് അനുമതി. സ്വപ്ന സുരേഷ്, സരിത്, സന്ദീപ്, കെ.ടി റമീസ് എന്നിവർ ഉൾപ്പടെ ഒമ്പത് പേരെ ചോദ്യം ചെയ്യാനാണ് അനുമതി നൽകിയത്. നികുതിയടക്കാത്ത പണം സ്വപ്‌നയുടെ ലോക്കറിൽ നിന്നടക്കം കണ്ടെത്തിയെന്നും പ്രതികൾ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്ത ശേഷമായിരിക്കും ആദായ നികുതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്യുക. ഇതോടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളുടെ എണ്ണം നാലാകും.