എറണാകുളം: നേര്യമംഗലം വാര്യക്കാട്ട് ക്ഷേത്രത്തിന് സമീപം പാറ ഇടിഞ്ഞു വീണു. ക്ഷേത്രത്തിന് എതിർവശത്തെ വനത്തിനുള്ളിലെ പാറകളില്‍ വിള്ളല്‍ സംഭവിച്ചതാണ് പാറകള്‍ ഇടിഞ്ഞ് വീഴാന്‍ കാരണമായത്. എന്നാല്‍ അടർന്നുവീണ കൂറ്റൻ പാറക്കല്ലുകൾ മരങ്ങളിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവസ്ഥലത്ത് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധ നടത്തി. പ്രദേശത്ത് അപകടാവസ്ഥ നിലനില്‍ക്കുന്നെന്ന് സംഘം കണ്ടെത്തി. ബുധനാഴ്ച വൈകിട്ടോടെയാണ് പാറ ഇടിഞ്ഞ് വീണത്. തുടർന്ന് പ്രദേശത്ത് നിന്നും മുപ്പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ഇവിടെ ഉരുള്‍പൊട്ടല്‍ സംഭവിച്ചിരുന്നു.
മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റായ എ കെ മനോജ്, കോതമംഗലം തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗീസ്, എം ഡി ലാലു, വനം-റവന്യൂ-ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്തെ പല ഭാഗങ്ങളിലെയും ബണ്ട് നിര്‍മാണം വെള്ളത്തിന്‍റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി. ശക്തമായ മഴയില്‍ വെള്ളത്തിന് ഒഴുകാന്‍ കഴിയാതെ മണ്ണിലേക്ക് അരിച്ചിറങ്ങുകയും പാറകളില്‍ വിള്ളല്‍ സംഭവിക്കുകയും ചെയ്തു. പ്രദേശത്ത് അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ മഴക്കാലത്ത് താഴ്വരയിലുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടത് അനിവാര്യമാണെന്ന് സ്ഥലം പരിശോധിച്ച ശേഷം ജിയോളജിസ്റ്റ് എ കെ മനോജ് പറഞ്ഞു.