എറണാകുളം: കൊവിഡിന്‍റെ മറവില്‍ നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ വര്‍ധിപ്പിച്ചതോടെ സ്‌തംഭിച്ച് നിര്‍മാണ മേഖല. കരിങ്കൽ-ക്വാറി, ക്രഷർ നടത്തിപ്പുകാർ യാതൊരു മുന്നറിയിപ്പുമില്ലാതെ കരിങ്കല്ല്, പാറപൊടി, മെറ്റൽ എന്നിവയ്ക്ക് നിലവിലുള്ള വിലയേക്കാൾ ഒരടിക്ക് മൂന്ന് രൂപ മുതൽ ഏഴ് രൂപ വരെ വർധിപ്പിച്ചത്.
കൃത്രിമ വിലക്കയറ്റം മൂലം നിരവധി കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങള്‍ നിർത്തിവെച്ചിരിക്കുകയാണ്. ഇത് മൂലം ലക്ഷക്കണക്കിന് പേരാണ് തൊഴില്‍രഹിതരായത്. ഇഎംഎസ് ഭവന നിർമാണ പദ്ധതിയില്‍ ഭവന നിര്‍മാണത്തിനായി സർക്കാർ നല്‍കുന്ന പണം കൊണ്ട് വീടിന്‍റെ പകുതി പണി പോലും കൃത്രിമ വിലക്കയറ്റം മൂലം പൂർത്തികരിക്കാനാകുന്നില്ല. വിലക്കയറ്റം സൃഷ്‌ടിച്ച അമിത ചിലവാണ് ഇതിന് കാരണം.