എറണാകുളം: ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ കൊലക്കേസ് പ്രതി സഫർ ഷായെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. എറണാകുളത്ത് താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥിനിയെ തമിഴ്നാട്ടിലെ വാൽപ്പാറയിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സഫർ ഷാ. മെയ് 12ന് പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയിരുന്നു.
കോടതിയെ കബളിപ്പിച്ച് ജാമ്യം നേടിയ പ്രതി അറസ്റ്റിൽ - പ്രതി അറസ്റ്റിൽ
കേസിൽ കുറ്റപത്രം സമർപ്പിച്ചില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം തെറ്റാണെന്ന് കോടതിയെ അറിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതോടെയാണ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്
അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതിഭാഗത്തിന്‍റെ വാദം തെറ്റാണെന്ന് കോടതിയെ അറിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതോടെയാണ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. ഇതേ തുടർന്ന് വീഴ്ച ചൂണ്ടികാണിച്ച് പ്രോസിക്യൂഷൻ തന്നെ പിന്നീട് റിവ്യൂ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി പ്രോസിക്യൂഷൻ ഒത്തുകളിച്ചുവെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ റിവ്യൂ ഹർജി സമർപ്പിച്ചത്. അതേസമയം ഈ ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച വിശദമായ വാദം കേൾക്കും.
2020 ജനുവരി എട്ടിനാണ് സഫർ ഷാ അറസ്റ്റിലാകുന്നത്. 90 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് ഏപ്രിൽ ഒന്നിനു തന്നെ അന്വേഷണ സംഘം കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് മറച്ച് വച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിമർശിക്കുകയും ചെയ്തിരുന്നു. കലൂരിൽ താമസിച്ചിരുന്ന പെൺകുട്ടിയോട് പ്രതി പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇത് വീട്ടിലറിയിച്ചതോടെ പെൺകുട്ടിയുടെ അച്ഛൻ ഇയാളെ താക്കീത് ചെയ്തിരുന്നു. തുടർന്നാണ് മോഷ്ടിച്ച കാറിൽ പെൺകുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച ശേഷം വാൽപ്പാറയിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയത്.