എറണാകുളം : ആലപ്പുഴയിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്കയുണ്ടെന്ന് ഹൈക്കോടതി. കൊവിഡ് പോരാളികളുടെ സുരക്ഷ ഉറപ്പുവരുത്താൻ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രന്‍, കൗസർ എടപ്പഗത്ത് എന്നിവരുടെ ബഞ്ചിന്‍റേതായിരുന്നു നിരീക്ഷണം. ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് വരികയായിരുന്ന നഴ്‌സിങ് അസിസ്റ്റന്‍റാണ് ആക്രമിക്കപ്പെട്ടത്.
READ MORE:ബെംഗളൂരുവിൽ വീണ്ടും പീഡനം ; ഊബർ ഡ്രൈവർക്കെതിരെ പരാതിയുമായി യുവതി
മോഷ്‌ടിക്കാൻ ഒന്നുമില്ലെന്ന് കണ്ടതോടെ അക്രമികൾ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചെന്നും അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഗവൺമെന്‍റ് പ്ലീഡർ എസ് കണ്ണൻ കോടതിയെ അറിയിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്ലീഡർ വിശദീകരിച്ചു.
എന്നാല്‍ ഇത് ക്രമസമാധാന പ്രശ്‌നമാണെന്നും ഡോക്‌ടർന്മാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണെന്നും കോടതി നിരീക്ഷിച്ചു. സേവന നിരതരായ ഇവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.