എറണാകുളം : അന്തരിച്ച കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റും എംഎൽഎയുമായ പി.ടി തോമസിൻ്റെ മൃതദേഹം സംസ്‌കരിച്ചു. പി.ടി യുടെ അന്ത്യാഭിലാഷ പ്രകാരമായിരുന്നു ചടങ്ങുകള്‍. പൂർണ ഔദ്യോഗിക ബഹുമതികളോടെ കൊച്ചി രവിപുരം ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം.
മരണാന്തരം മതപരമായ ചടങ്ങുകൾ വേണ്ടെന്ന് പി.ടി തോമസ് തീരുമാനിക്കുകയും ഏറ്റവും അടുത്ത സുഹൃത്തുക്കളോട് ഇത് അറിയിക്കുകയും ചെയ്തിരുന്നു. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനം പൂർത്തിയാക്കിയ ശേഷമാണ് 6:20 ഓടെ മൃതദേഹം വിലാപയാത്രയായി രവിപുരത്ത് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
മന്ത്രിമാരായ പി.രാജീവ്, റോഷി അഗസ്റ്റിൻ, ജി.ആർ അനിൽ, സ്‌പീക്കർ എം.ബി രാജേഷ് എന്നിവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസിൻ്റെ സമുന്നതരായ നേതാക്കളും, നൂറ് കണക്കിന് പ്രവർത്തകരും പി.ടിക്ക് വിരോചിത യാത്രയയപ്പ് നൽകാനെത്തിയിരുന്നു.
ധീര നേതാവിന് വിട; പി.ടി തോമസിൻ്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു ALSO READ:പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊണ്ടു, വിടവാങ്ങിയത് ശക്തനായ ജനനേതാവ്
അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന പി.ടി തോമസ് ബുധനാഴ്‌ച രാവിലെ പത്തേകാലോടെ വെല്ലൂരിലെ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. അസുഖ ബാധിതനായിരുന്നെങ്കിലും രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. രോഗം ഗുരുതരമായതോടെ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു. കീമോ തെറാപ്പിയുൾപ്പടെയുള്ള ചികിത്സ ആരംഭിക്കാനിരിക്കെയായിരുന്നു മരണം.