എറണാകുളം:തൃക്കാക്കര നഗരസഭ ചെയർപേഴ്‌സന്‍റെ ഓഫീസ് സീൽ ചെയ്‌ത് സെക്രട്ടറി പതിച്ച നോട്ടീസ് നീക്കം ചെയ്‌തു. എന്നാല്‍ ഈ സംഭവത്തില്‍ ആരോപണവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ കൗൺസിലർ ഡിക്‌സൻ പറഞ്ഞു.
പണക്കിഴി നൽകിയ ഓഫീസിലെ നോട്ടീസ് നീക്കം ചെയ്‌തതും സ്റ്റിക്കർ പതിച്ച് ഓഫീസ് മറച്ചതും സംശയകരമാണ്. ഭരണപക്ഷം നഗരസഭ അധ്യക്ഷയുടെ ഓഫീസിന്‍റെ പൂട്ട് നശിപ്പിച്ചുവെന്നാണ് സംശയിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണം. ഇതെല്ലാം കരുതിക്കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും ഡിക്‌സൻ ആരോപിച്ചു.
ചെയ്‌പേഴ്‌സൺ രാജിവെക്കും വരെ സമരമെന്ന് പ്രതിപക്ഷം
നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഓണക്കോടിയോടൊപ്പം പണം നൽകിയെന്ന ആരോപണത്തിൽ ദിവസങ്ങളായി നഗരസഭയിൽ പ്രതിഷേധ സമരം തുടരുകയാണ്. ഇതിനിടെയാണ് ചെയർപേഴ്‌സന്‍റെ ഓഫീസ് വാതിലിന്‍റെ പൂട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയിരുന്നു. ഇതിന് പിന്നിലെ നഗരസഭ അധ്യക്ഷ എത്തിയെങ്കിലും ഓഫീസ് തുറക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രതിപക്ഷ കൗൺസിലർമാർ പൂട്ട് മനപൂർവ്വം കേടാക്കിയെന്ന് ആരോപിച്ച് അജിത തങ്കപ്പൻ പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. പിന്നീട് ആശാരിയെ എത്തിച്ച് രാത്രിയോടെ പൂട്ട് മാറ്റി പുതിയത് സ്ഥാപിച്ചു. ഇതോടൊപ്പം സുതാര്യമായ ഗ്ലാസ് വാതിൽ സ്റ്റിക്കർ പതിച്ച് മറക്കുകയും വിജിലൻസ് നിർദേശപ്രകാരം നഗരസഭ സെക്രട്ടറി പതിച്ച നോട്ടീസ് നീക്കുകയും ചെയ്യുകയായിരുന്നു.