എറണാകുളം: തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാർ റീത്ത് വെച്ച് പ്രതിഷേധിച്ചു. നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുന്നിലാണ് റീത്ത് വെച്ചത്. ഏഴ് മാസമായി നഗരസഭ സെക്രട്ടറിയെ കാണാനില്ലെന്ന് ആരോപിച്ചായിരുന്നു ഇടതുമുന്നണി കൗൺസിലർമാരുടെ പ്രതിഷേധം. സെക്രട്ടറിയുടെ ഓഫീസ് വാതിലിൽ നഗരസഭ സെക്രട്ടറിയെ കാണാനില്ലെന്ന പോസ്റ്റർ പതിച്ചാണ് റീത്ത് ഒട്ടിച്ചു വെച്ചത്.
ചെയർപേഴ്‌സന്‍റെ രാജിക്കായി സമരം തുടരുന്നു
നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ രാജി വെക്കണമെന്ന് ആവശ്യപെട്ടുള്ള പ്രതിപക്ഷ കൗൺസിലർമാരുടെ ഉപരോധ സമരം തുടരുകയാണ്. പണക്കിഴി വിവാദത്തിൽ പെട്ട ചെയർപേഴ്‌സണെ ഓഫീസിൽ കയറാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. പ്രതിപക്ഷ സമരത്തിനെതിരെ നഗരസഭയിലെത്തി യോഗം ചേരാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷ കൗൺസിലർമാർ.
തൃക്കാക്കര നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം ചെയർപേഴ്‌സന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങൾ നഗരസഭയ്ക്ക് പുറത്തും തുടരുകയാണ്. ഡി.വൈ.എഫ്.ഐ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബിജെപിയുടെ അനിശ്ചിതകാല റിലേ സത്യഗ്രഹവും തുടരുകയാണ്. അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സന്നാഹമാണ് ദിവസങ്ങളായി തൃക്കാക്കര നഗരസഭയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
READ MORE:തൃക്കാക്കര പണക്കിഴി: പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ച് അജിത തങ്കപ്പൻ ഹൈക്കോടതിയിൽ