എറണാകുളം: കളമശ്ശേരി മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ വികെ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ വിഇ അബ്ദുല്‍ ഗഫൂറിനെ സ്ഥാനാർഥിയാക്കിയതിനെരെ ലീഗിൽ പ്രതിഷേധം തുടരുന്നു. പാലാരിവട്ടം അഴിമതി കേസിൽ പ്രതിയായ വ്യക്തിയുടെ മകനെ സ്ഥാനാർഥിയാക്കിയതിനെ അംഗീകരിക്കില്ലെന്നാണ് വിമതരുടെ നിലപാട്.
കളമശ്ശേരിയിൽ വിഇ അബ്ദുൾ ഗഫൂറിനെതിരെ പ്രതിഷേധം തുടരുന്നു അഹമ്മദ് കബീറിനെ പിന്തുണയ്ക്കുന്നവർ കളമശേരിയിൽ യോഗം ചേർന്നു. ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ മജീദിന്‍റെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ അബ്ദുല്‍ ഗഫൂറിനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് എംയു ഇബ്രാഹിം പറഞ്ഞു. അടിച്ചേല്പിച്ച സ്ഥാനാർഥിയെ അംഗീകരിക്കില്ല. അഹമ്മദ് കബീറിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലയിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെയും നേതാക്കളുടെയും ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഹമ്മദ് കബീറിനെ സ്ഥാനാർഥിയായി ഇന്ന് പ്രഖാപിക്കാനായിരുന്നു വിമത പക്ഷത്തിന്‍റെ നീക്കം. എന്നാൽ സമ്മർദത്തിലൂടെ നിലവിലെ ഔദ്യോഗിക സ്ഥാനാർഥിയെ മാറ്റണമെന്ന അഭിപ്രായം യോഗം അംഗീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് സ്ഥാനാർഥിയെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. സ്ഥാനാർഥിയെ പിൻവലിച്ചില്ലെങ്കിൽ തോൽപ്പിക്കാൻ പ്രചാരണം നടത്തേണ്ടി വരുമെന്നാണ് വിമത പക്ഷം മുന്നറിയിപ്പ് നൽകുന്നത്.
തീരുമാനം പ്രതികൂലലമായാൽ മറ്റു തീരുമാനങ്ങൾ പിന്നീടെന്നും വിമത വിഭാഗം അറിയിച്ചു. വിഇ അബ്ദുൽ ഗഫൂറിനെ സ്ഥാനാർഥിയായി പാണക്കാട് നിന്ന് പ്രഖ്യാപനം വന്ന ശേഷം മൂന്നാം തവണയാണ് വിമത വിഭാഗം മണ്ഡലത്തിൽ യോഗം ചേരുന്നത്. രണ്ട് തവണ പ്രാദേശിക നേതാക്കൾ മാത്രമാണ് വിമത യോഗത്തിനെത്തിയത്. എന്നാൽ ഇന്ന് നടന്ന കൺവെൻഷനിൽ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്.