എറണാകുളം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്‌ത കഥാകൃത്ത് ജോൺ പോളിനുണ്ടായ ദുരനുഭവം പങ്കുവച്ച് സുഹൃത്തും സിനിമ നിർമാതാവുമായ ജോളി ജോസഫ്. 'എന്‍റെ ജോൺ പോൾ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്' എന്ന തലക്കെട്ടോടെയാണ് ജോളി ജോസഫ് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കു വച്ചത്. കട്ടിലിൽ നിന്നും വീണ ജോണ്‍ പോളിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലൻസിന്‍റെയും ഫയർ ഫോഴ്‌സിന്‍റെയും സഹായം തേടിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും ജോളി ജോസഫ് ആരോപിച്ചു.
കഴിഞ്ഞ ജനുവരി 21ന് പ്രശസ്‌ത സംവിധായകൻ വൈശാഖിന്‍റെ 'മോൺസ്റ്റർ' എന്ന സിനിമ സെറ്റിൽ കഥാപാത്രത്തിന്‍റെ വേഷവിധാനങ്ങളോടെ നിൽക്കുമ്പോഴായിരുന്നു വളരെ പ്രയാസത്തോടെ ജോൺ പോൾ ഫോണിൽ വിളിച്ചിരുന്നു. 'അത്യാവശ്യമായി വീട്ടിലേക്ക് വരണം, കട്ടിലിൽ നിന്നും ഞാൻ താഴെ വീണു, എനിക്ക് ഒറ്റയ്ക്ക് എണീക്കാൻ പറ്റില്ല ...ആരെയെങ്കിലും കൂടെ വിളിച്ചോളൂ ...' എന്നായിരുന്നു പറഞ്ഞത്. എന്നാൽ തനിക്ക് ആ സമയത്ത് ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പോകാൻ കഴിയാത്തത് കൊണ്ട് സുഹൃത്തും നടനുമായ കൈലാഷിനെ വിളിച്ച് കാര്യം പറയുകയായിരുന്നു.
ഇരുപത് മിനിറ്റ് കൊണ്ട് കൈലാഷ് ജോൺ പോളിന്‍റെ വീട്ടിലെത്തിയപ്പോൾ കട്ടിലിൽ നിന്നും വീണ് തണുത്ത നിലത്ത് കിടക്കുകയായിരുന്നു. പക്ഷെ ഭാരമുള്ള അദ്ദേഹത്തെ ഉയർത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ആംബുലൻസിനെയും ഫയർഫോഴ്‌സിനെയും വിളിച്ചെങ്കിലും അവർ സഹായത്തിനെത്തിയില്ലെന്ന് ജോളി ജോസഫ് ആരോപിക്കുന്നു.