എറണാകുളം:കൊവിഡാനന്തര ചികിത്സക്ക് എ.പി.എൽ വിഭാഗത്തിൽ നിന്ന് പണം ഇടാക്കാനുള്ള തീരുമാനത്തിൽ നിന്ന സർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനങ്ങൾ കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ ഇത്തരം തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
ഈ വേർതിരിവ് വികലമായ ആശയം
ധാരാളം ആളുകൾ സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുകയാണ്. ബാങ്കുകളുടെ റിക്കവറി നോട്ടീസുകൾ ലഭിച്ച ആശങ്കയിൽ കഴിയുന്നവരുണ്ട്. ഈയൊരു സാഹചര്യത്തിൽ ജനങ്ങളെ എ.പി.എൽ, ബി.പി.എൽ വിഭാഗങ്ങളായി തിരിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സക്ക് പണം ഈടാക്കാനുള്ള ശ്രമം ഒരു കാരണവശാലും അനുവദിക്കില്ല.
ഇത്തരമൊരു വികലമായ ആശയം ആരുടെ തലയിൽ ഉദിച്ചതാണെന്ന് അറിയില്ല. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ട് കൊവിഡാനന്തര ചികിത്സക്ക് പണം ഈടാക്കാനുളള തീരുമാനം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കൊവിഡാനന്തര ചികിത്സയ്ക്ക് പണം: തീരുമാനം പിൻവലിക്കണമെന്ന് വി.ഡി സതീശൻ തൃക്കാക്കര: അന്വേഷണത്തിന് ഡിസിസി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തി
തൃക്കാക്കരയിൽ കൗൺസിലർമാർക്ക് ചെയർപേഴ്‌സൺ പണം നൽകിയ സംഭവം അന്വേഷിക്കാൻ ഡിസിസി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ വിവരങ്ങളാണ് പുറത്ത് വന്നത്. അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയുകയുള്ളൂ. കുറ്റം ചെയ്‌തെന്ന് കണ്ടാൽ നടപടി ഉണ്ടാകുമെന്നും വി.ഡി.സതീശൻ അറിയിച്ചു.
'ശശീന്ദ്രനെതിരായ കേസ് പിൻവലിച്ചാൽ നിയമനടപടി'
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കി പട്ടിക ഡൽഹിക്ക് അയച്ചിട്ടുണ്ട്. ഏതെങ്കിലും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിയ്ക്കുന്നവർ പാർട്ടിയിൽ ഉണ്ടാകില്ല. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ് കെ.പി.സി.സി. പ്രസിഡന്‍റ്. അദ്ദേഹത്തിന്‍റെ നടപടികളെ പിന്തുണയ്ക്കുന്നവരാണ് ഞാൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ.
ശശീന്ദ്രനെതിരായ കേസ് പിൻവലിച്ചാൽ നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഇത് പ്രധാനപ്പെട്ട വിഷയമാണ് ഇത് ധാർമികമായ വിഷയം മാത്രമല്ല, നിയമപരമായ പ്രശ്‌നം കൂടിയാണന്നും അദ്ദേഹം പറഞ്ഞു.
READ MORE:പുനഃസംഘടനയിൽ അതൃപ്‌തി; പ്രതിഷേധവുമായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും