എറണാകുളം:ക്രൈംബ്രാഞ്ച് മുൻ എസ്.പി അബ്‌ദുല്‍ റഷീദിന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിരവധി ക്രിമിനൽ കേസുകളിലടക്കം ഉൾപ്പെട്ട അബ്‌ദുല്‍ റഷീദിന് ഐപിഎസ് നൽകാനുള്ള സംസ്ഥാന സർക്കാർ നടപടിയെ എതിർത്ത് മുതിർന്ന മാധ്യമ പ്രവർത്തകനായ ജി.പി വിപിനനാണ് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി സമർപ്പിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നത് സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും റഷീദിനെ കൺഫർ ഐപിഎസിനായി ശിപാർശ ചെയ്‌ത സംസ്ഥാന സർക്കാർ നടപടി പരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.
അബ്ദുല്‍ റഷീദിന് ഐപിഎസ് നൽകാൻ സർക്കാർ: ഹർജി ഹൈക്കോടതിയില്‍ - മാധ്യമപ്രവർത്തകൻ ജിപി വിപിനൻ സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നിരവധി ക്രിമിനൽ കേസുകളിലടക്കം ഉൾപ്പെട്ട അബ്‌ദുല്‍ റഷീദിന് ഐപിഎസ് നൽകാനുള്ള സംസ്ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത് മാധ്യമപ്രവർത്തകനായ ജി.പി വിപിനൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളയാൾക്ക് സ്ഥാനക്കയറ്റം നൽകുന്നത് സുപ്രീം കോടതി ഉത്തരവുകൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
കൂടാതെ, ഇയാൾക്ക് ഐപിഎസ് നൽകരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നിർദേശിക്കണമെന്നും ആവശ്യമുണ്ട്. വി.ബി ഉണ്ണിത്താൻ വധശ്രമക്കേസിലടക്കം പ്രതിയായിരുന്നു റിട്ടയേർഡ് എസ്.പി അബ്‌ദുല്‍ റഷീദ്. 2020ൽ സർവീസിൽ നിന്നും വിരമിച്ച റഷീദിനെ പല തവണ അയോഗ്യനെന്ന് ചൂണ്ടിക്കാട്ടി കൺഫർ ഐപിഎസുകാരുടെ ശിപാർശ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നു.
എന്നാൽ, ഇകഴിഞ്ഞ മാസം സംസ്ഥാന സർക്കാർ അബ്ദുല്‍ റഷീദിന് യോഗ്യത സർട്ടിഫിക്കറ്റ് നൽകി കൺഫർ ഐപിഎസുകാരുടെ ശിപാർശ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥന് യോഗ്യതാ സർട്ടിഫിക്കറ്റടക്കം നൽകിയ സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.