എറണാകുളം:കോതമംഗലത്ത് റോഡിന്‍റെ വളവ് നിവർത്താൻ തോട് കയ്യേറി നടത്തിയ നിർമാണ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. റോഡ് നേരെയാക്കാൻ തോടിന്‍റെ വീതി കുറച്ച് നിർമാണം പൂർത്തിയാക്കിയാൽ വെള്ളപ്പൊക്കം രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡിന്‍റെ വളവ് നിവർത്താൻ തോട് കയ്യേറ്റം; നിർമാണ പ്രവർത്തനം തടഞ്ഞ് നാട്ടുകാർ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു. കോഴിപ്പിള്ളി ബൈപാസ് ഭാഗത്തുനിന്ന് കൊച്ചങ്ങാടി വഴി ഒഴുകുന്ന തോട് ആണ് ഇത്. മഴക്കാലത്ത് നിരവധി തവണ ഈ തോട് കര കവിഞ്ഞ് ഒഴുകാറുണ്ട്.
മഴ പെയ്തു കഴിഞ്ഞാൽ പല കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന വാദം അടിസ്ഥാന രഹിതമാണെന്നാണ് നിർമാണത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. തോട് നേരെയാകുന്നതോടെ വെള്ളപ്പൊക്ക സാധ്യത കുറയുമെന്നും ഇവർ പറയുന്നു.
ALSO READ:ദിലീപിന്‍റെ ജാമ്യത്തിൽ ഇടപെട്ടിട്ടില്ല; വിശദീകരണവുമായി നെയ്യാറ്റിൻകര രൂപത
അതേസമയം ഈ ഭാഗത്തുള്ള നൂറോളം കുടുംബങ്ങളുടെ സംരക്ഷണക്കായി എത്രയും വേഗം നഗരസഭ ഇടപെട്ട് നിർമാണ പ്രവർത്തനങ്ങൾ പൂർണമായി തടയണമെന്ന് പ്രദേശവാസികളുടെ ആവശ്യം. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് റോഡിന്‍റെ നിർമ്മാണം നടക്കുന്നത്.