എറണാകുളം: മുവാറ്റുപുഴ പായിപ്ര ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിനെ ജനപ്രതിനിധികൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി നാട്ടുകാർ. സഞ്ചാരയോഗ്യമായ റോഡുകൾ ഇല്ലാത്തതും, തെരുവുവിളക്കുകൾ തെളിയാത്തതിലും പ്രതിഷേധിച്ചാണ് നാട്ടുകാർ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ഒരുങ്ങുന്നത്. പായിപ്ര ഗ്രാമപഞ്ചായത്തിലെ കിഴക്കേ കടവ് പത്താം വാർഡിൽ എല്ലാ റോഡുകളും വർഷങ്ങളായി തകർന്നു കിടക്കുകയാണ്.
ജനപ്രതിനിധികൾ അവഗണിക്കുന്നു; തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പായിപ്ര നിവാസികള്‍ - പായിപ്ര ഗ്രാമപഞ്ചായത്ത്
മുവാറ്റുപുഴ പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കിഴക്കേ കടവ് നിരപ്പ് റോഡ് ഒന്നര കിലോമീറ്റർ ദൂരം 15 വർഷം മുൻപാണ് ടാർ ചെയ്തത്. ഇപ്പോൾ റോഡ് തകർന്നു സഞ്ചാര യോഗ്യമല്ലാത്ത നിലയിലാണ്. വാർഡിലെ കിഴക്കേ കടവ് ,നിരപ്പ് ,കണ്ണാടി സിറ്റി കനാൽ റോഡ്, മഴവിൽ ഗ്രാമം റോഡ് എല്ലാം തന്നെ തകർന്ന് കിടക്കുകയാണ്. റോഡ് നിർമിച്ച ശേഷം ഒരു പ്രാവശ്യം മാത്രമാണ് ഇത് ടാർ ചെയ്തത്. പല റോഡുകളിലും കാൽനടയാത്രപോലും അസാധ്യമായിരിക്കുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാകാത്ത റോഡുകൾ നാട്ടുകാർക്ക് ഇരട്ടി ദുരിതമാണ് വരുത്തിവയ്ക്കുന്നത്.
റോഡ് തകർന്നതിനാൽ ആശുപത്രി ആവശ്യങ്ങൾക്കും മറ്റും പെട്ടന്ന് എത്താൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. റോഡ് തകർന്നതോടെ ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരില്ല. മാത്രമല്ല രണ്ട് ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ റോഡ് തകർന്നതിനെ തുടർന്ന് സർവീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതുകൂടാതെ പത്താം വാർഡിലെ തെരുവുവിളക്കുകൾ കത്താറില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ ഉണ്ടായിരുന്ന ലൈറ്റ് തകരാറിലാവുകയും അത് നന്നാക്കാൻ പഞ്ചായത്ത് അധികൃതർ ലൈറ്റ് അഴിച്ച് കൊണ്ടുപോയെങ്കിലും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതീകാത്മക ഹൈമാസ് ലൈറ്റ് സ്ഥാപിച്ചിരിക്കുകയാണ്. വാർഡിനെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരണം രാഷ്ട്രീയത്തിനതീതമായി ഏറ്റെടുക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.