എറണാകുളം:ഭൂമി തരം മാറ്റാൻ വൈകിയതിനെ തുടർന്ന് പറവൂരിലെ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ശനിയാഴ്ച (05 02 2022) അന്വേഷണം തുടങ്ങും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് റവന്യൂ വകുപ്പ് മന്ത്രി നിർദേശം നൽകിയിരുന്നു. ഭൂമി തരം മാറ്റാൻ മത്സ്യത്തൊഴിലാളി സജീവൻ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോയെന്നാണ് കമ്മിഷണർ പരിശോധിക്കുക.
അതേ സമയം സജീവന് ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസം ഉണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കലക്ടർ ജില്ല കലക്ടർക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ് ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ ലഭിച്ചത്. റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി അന്നു തന്നെ ഇത് മൂത്തകുന്നം വില്ലേജ് ഓഫിസിലേക്ക് കൈമാറി.
കാലതാമസം ഉണ്ടായിട്ടില്ലെന്ന് സബ് കലക്ടറുടെ റിപ്പോർട്ട്
വില്ലേജ് ഓഫിസറുടെ മറുപടി ഫെബ്രുവരി 23ന് ലഭിച്ചു. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിൽ ന്യായവില കണക്കാക്കിയതിലുള്ള അപാകത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് ഒക്ടോബർ നാലിന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസറുടെ വിശദീകരണം ഒക്ടോബർ ആറിന് ലഭിച്ചതിനെ തുടർന്ന് ആ മാസം 27ന് നിലവിലുള്ള നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള ഫീസ് അടക്കാന്‍ സജീവന് നിർദേശം നല്കി കത്തയച്ചു. എന്നാൽ ഇതിനോട് സജീവന് പ്രതികരിച്ചില്ല.
പിന്നീട് ഹൈക്കോടതി ഉത്തരവിന്റെയും സർക്കുലറിന്റെയും അടിസ്ഥാനത്തില്‍ ഭൂമി തരം മാറ്റത്തിന് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ സർക്കാർ വ്യക്തത വരുത്തിയെങ്കിലും ഇതു പ്രകാരമുള്ള ഫീസിളവിനും സജീവന് അപേക്ഷിച്ചിരുന്നില്ലെന്നാണ് സബ് കലക്ടർ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഈ റിപ്പോർട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും സജീവന്റെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
ആത്മഹത്യക്ക് കാരണം ദുഷിച്ച ഭരണ സംവിധാനം