എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജ് ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്ന് വിജിലൻസ് കണ്ടെത്തല്‍. പലിശരഹിത മുൻകൂർ പണം നൽകാൻ മന്ത്രി ഉത്തരവിട്ടെന്ന സൂരജിന്‍റെ വാദം തെറ്റാണെന്നും വകുപ്പ് സെക്രട്ടറി എന്ന നിലയിൽ സൂരജ് കാര്യങ്ങളിൽ വ്യക്തത വരുത്തണമായിരുന്നുവെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പാലാരിവട്ടം പാലം അഴിമതി: ടി.ഒ സൂരജ് ഉന്നയിച്ച വാദങ്ങള്‍ തെറ്റെന്ന് വിജിലന്‍സ്
പലിശരഹിത മുൻകൂർ പണം നൽകാൻ മന്ത്രി ഉത്തരവിട്ടെന്ന സൂരജിന്‍റെ വാദം തെറ്റാണെന്നും വകുപ്പ് സെക്രട്ടറി എന്ന നിലയിൽ സൂരജ് കാര്യങ്ങളിൽ വ്യക്തത വരുത്തണമായിരുന്നെന്നും വിജിലൻസ്
പലിശ സംബന്ധിച്ച് മന്ത്രിയുടെ നോട്ടിൽ യാതൊരുവിധ പരാമർശങ്ങളും ഇല്ല. വ്യക്തത ഇല്ലാതെ 7% പലിശ അനുവദിച്ച് സൂരജ് മുൻകൂർ പണം അനുവദിച്ചതായും മന്ത്രിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.അതേസമയം പലിശ വാങ്ങാതെ വായ്‌പ അനുവദിക്കാൻ മന്ത്രി ഫയലിൽ എഴുതിയെന്നും ഇതിന് രേഖാമൂലം തെളിവുണ്ടെന്നും ടി.ഒ. സൂരജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായി നാളെ രാവിലെ 10 മണി മുതൽ ഒരു മണി വരെ ടി.ഒ. സൂരജിനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സൂരജ് അടക്കമുള്ള നാല് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി.