എറണാകുളം: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഒരു പങ്കും ഇല്ലെന്ന തരത്തിൽ പ്രതിയായ സ്ത്രീയുടെ പേരിൽ വന്ന ശബ്‌ദ സന്ദേശം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വ്യക്തമായി. മുഖ്യമന്ത്രിയെ ഈ കേസിൽ നിന്നും രക്ഷപ്പെടുത്താനും നിരപരാധിയാണെന്ന് വരുത്തി തീർക്കാനും പൊലീസിലെ ഉന്നതർ അറിഞ്ഞുകൊണ്ട് വനിത പൊലീസുകാരിയെ ചുമതലപ്പെടുത്തി മുൻകൂട്ടി തയാറാക്കിയ സ്ക്രിപ്റ്റ് പ്രതിയെ കൊണ്ട് വായിപ്പിച്ചെന്നതും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ആരുടെ നേതൃത്വത്തിൽ എവിടെ വച്ചാണ് ഇത്തരമൊരു ശ്രമം ഉണ്ടായതെന്ന് അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
'മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ട്'
എല്ലാ ഇൻ്റലിജൻസ് റിപ്പോർട്ടുകളും ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെന്നത് പരിഹാസ്യമാണ്. ഒന്നാം പിണറായി സർക്കാരിലെ നാണം കെട്ട കഥകളാണ് പുറത്തുവരുന്നത്. രണ്ടാം പിണറായി സർക്കാർ കള്ളക്കടത്ത് കേസ് പ്രതികളെ ഭയന്നാണ് കഴിയുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. യോഗ്യതയില്ലാത്ത സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് നിയമനം നൽകിയത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ്. കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഒരിക്കൽ കൂടി വ്യക്തമായി. ലോക്കറിൽ ഉണ്ടായിരുന്ന പണം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കൈക്കൂലി കിട്ടിയ തുകയാണെന്ന് പ്രതി വ്യക്തമാക്കിയിട്ടുണ്ട്.