എറണാകുളം :ഇന്ധന വിലവർധനവിനെതിരെ വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിന് പൊലീസ് അനുമതിയുണ്ടായിരുന്നില്ല. സമരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോഗ്രേ വ്യക്തമാക്കി. സമരത്തെക്കുറിച്ച് വിവരമുണ്ടായിരുന്നു. എന്നാൽ നിയമാനുസൃതം അനുമതി തേടിയിട്ടില്ല. ദീർഘസമയം ഗതാഗതം സ്‌തംഭിച്ചാണ് സമരം നടത്തിയത്.
ആരോപണങ്ങൾ അന്വേഷിക്കുമെന്ന് ഡിസിപി
ഇതിനിടെ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.സി.പി. ഐശ്വര്യ ഡോഗ്രേ വ്യക്തമാക്കി. നടൻ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന കോൺഗ്രസ് പ്രവർത്തകരുടെ ആരോപണവും പരിശോധിക്കും. സംഭവത്തിൽ നടന്‍റെ മൊഴിയെടുക്കുമെന്നും വൈദ്യപരിശോധന നടത്തുമെന്നും ഡി.സി.പി അറിയിച്ചു.
ജോജുവിന്‍റെ വാഹനം തകര്‍ത്ത സംഭവത്തിൽ ഉൾപ്പടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും മറ്റ് നടപടികളെക്കുറിച്ച് തീരുമാനമെടുക്കുകയെന്നും കൊച്ചി ഡി.സി.പി പറഞ്ഞു.