എറണാകുളം: നമ്പർ 18 ഹോട്ടല്‍ പോക്സോ കേസിൽ പ്രതികളായ റോയ് വയലാട്ടിനും സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് കർശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പരാതിക്കാരി താമസിക്കുന്ന കോഴിക്കോട് ജില്ലയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയവയാണ് വ്യവസ്ഥകള്‍.
ഇതിനിടെ, മൂന്നാം പ്രതി അഞ്ജലിക്കെതിരെ ക്രൈം ബ്രാഞ്ച് മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോക്സോ കോടതിയിൽ അപേക്ഷ നൽകി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോഴിക്കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും അമ്മയേയും ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാർ ശ്രമിച്ചെന്നായിരുന്നു റോയ് വയലാട്ട് ഉൾപ്പടെയുള്ള പ്രതികൾക്കെതിരായ പരാതി.
കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികള്‍
ഇതേ തുടർന്നാണ് പോക്സോ വകുപ്പുകൾ ഉൾപ്പടെ ചുമത്തി കേസെടുത്തത്. എന്നാൽ പരാതിക്കാരായ അമ്മയും മകളും ചേർന്ന് പീഡന പരാതി കെട്ടിച്ചമച്ച് പണം തട്ടാൻ ശ്രമിക്കുകയാണെന്നാണ് പ്രതികളുടെ ആരോപണം. ഈ കേസിലെ മൂന്നാം പ്രതി അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ഒന്നാം പ്രതി റോയ് വയലാട്ട്, രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതേ തുടർന്ന് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി തീരുമാനം സുപ്രീം കോടതി ശരിവച്ചു. ഇതോടെ ഇരുവരും പൊലീസിൽ കീഴടങ്ങുകയായിരുന്നു. 2021 ഒക്ടോബർ 20ന് റോയ് വയലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് കോഴിക്കോട് സ്വദേശിയായ അമ്മയും മകളും ആരോപിക്കുന്നത്.
കൊച്ചിയിൽ മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളാണ് ഹോട്ടലുടമ റോയ് വയലാട്ടും സുഹൃത്ത് സൈജു തങ്കച്ചനും. ഈ കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് പ്രതികൾക്കെതിരെ പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തത്.
Also read: 133 യാത്രക്കാരുമായി പോയ ചൈനീസ് വിമാനം തകർന്നുവീണു