നിപ: വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്നെത്തും
ഓസ്ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തുക
കൊച്ചി: സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് ഇന്ന് മുതൽ വിദേശമരുന്നുകൾ നൽകി തുടങ്ങും. ഇതിനായി ഓസ്ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച മരുന്നുകളാണ് ഇന്ന് കൊച്ചിയിൽ എത്തുക. മരുന്നുകൾ പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചിരുന്നു. കളമശ്ശേരിയിൽ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലാണ് നിപ സ്ഥിരീകരിച്ച യുവാവും രോഗബാധ സംശയിക്കുന്ന മറ്റ് നാല് പേരും ഉള്ളത്. ഇവരുടെ സാംപിളുകൾ പരിശോധനക്കായി പൂനെയിലെ നാഷ്ണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, മണിപ്പാല്‍ ആശുപത്രി, ആലപ്പുഴയിലെ വൈറോളജി ലാബ് എന്നിവിടങ്ങളിലേക്ക് ഇന്ന് അയക്കും.
നിലവിൽ നിപയുടെ ഉറവിടം കണ്ടെത്താനായില്ലെന്നത് ആരോഗ്യ വകുപ്പ് നേരിടുന്ന കനത്ത വെല്ലുവിളിയാണ്. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും നടത്തിയ വിശദമായ പരിശോധനയിൽ തൃശൂർ, തൊടുപുഴ എന്നിവിടങ്ങളിൽ നിപയുടെ ഉറവിടമില്ലെന്നാണ് ഡിഎംഒമാരുടെ നിഗമനം. നിപ ബാധിച്ച വിദ്യാര്‍ഥി താമസിച്ച സ്ഥലങ്ങളിലും ഇയാളുമായി അടുത്ത് ഇടപഴകിയവരിലും ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തി വരികയാണ്.