കേരളം

kerala

ETV Bharat / city

സിറ്റിങ് എംഎല്‍എമാർ വാഴാത്ത മൂവാറ്റുപുഴ: എല്‍ദോയെ വീഴ്‌ത്താൻ മാത്യു കുഴല്‍നാടൻ

സിറ്റിങ് എംഎല്‍എ എല്‍ദോ എബ്രഹാമും കോൺഗ്രസ് നേതാവും പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മാത്യു കുഴല്‍നാടനും തമ്മിലാണ് പ്രധാന മത്സരം. സിറ്റിങ് എംഎല്‍എമാരെ തോല്‍പ്പിക്കുന്ന ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനവും വികസന നേട്ടങ്ങളും മുന്‍നിര്‍ത്തി സീറ്റ് നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.

Muvattupuzha assembly constituency  Muvattupuzha election history  മൂവാറ്റുപുഴ നഗരസഭ  മൂവാറ്റുപുഴ മണ്ഡലം  എല്‍ദോ എബ്രഹാം എംഎല്‍എ  ജോസഫ് വാഴയ്ക്കൻ മൂവാറ്റുപുഴ  കേരള കോണ്‍ഗ്രസ് മൂവാറ്റുപുഴ  നിയമസഭ തെരഞ്ഞെടുപ്പ് 2021
മൂവാറ്റുപുഴ

By

Published : Mar 21, 2021, 2:28 PM IST

കേരള കോണ്‍ഗ്രസിനും സിപിഐയ്ക്കും വേരോട്ടമുള്ള മണ്ഡലം. എറണാകുളം ജില്ലയിലെ ഒരേയൊരു വനിത എംഎല്‍എയെ നിയമസഭയിലെത്തിച്ച ചരിത്രം. കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും സിറ്റിങ് എംഎല്‍എ തോറ്റ കണക്കാണ് ഇത്തവണയും മത്സരത്തിനിറങ്ങിയ എല്‍ഡിഎഫിന്‍റെ എല്‍ദോ എബ്രഹാമിന് ആശങ്കയാകുന്നത്. കൈവിട്ട് പോയ മണ്ഡലം തിരിച്ചുപിടിക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മാത്യു കുഴല്‍നാടനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ജിജി ജോസഫാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ട്വന്‍റി ട്വന്‍റിയ്ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകന്‍ സിഎന്‍ പ്രകാശും പ്രചാരണത്തിരക്കിലാണ്.

മണ്ഡല ചരിത്രം

മൂവാറ്റുപുഴ നഗരസഭയും ആരക്കുഴ, ആവോലി, ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് മൂവാറ്റുപുഴ നിയമസഭ മണ്ഡലം. എറണാകുളം ജില്ലയിലാണെങ്കിലും ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമാണ് മൂവാറ്റുപുഴ മണ്ഡലം.

മണ്ഡലം രാഷ്ട്രീയം

മണ്ഡലം രൂപീകരിച്ച 1957ലും 1960ലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്‍റെ കെ.എം ജോര്‍ജിനായിരുന്നു ജയം. 1967ല്‍ സിപിഐയുടെ പി.വി എബ്രഹാം നിയമസഭയിലെത്തി. 1970ല്‍ സിപിഐയുടെ പി.വി എബ്രഹാമിനെ സ്വതന്ത്രയായ പെണ്ണമ്മ ജേക്കബ് തോല്‍പ്പിച്ചു. 14,914 വോട്ടിന് ജയിച്ച പെണ്ണമ്മയെ സിപിഎം പിന്തുണച്ചിരുന്നു. ഇതോടെ ജില്ലാ ചരിത്രത്തിലെ ഏക വനിത എംഎല്‍എയായി പെണ്ണമ്മ ജേക്കബ് മാറി. പിന്നീട് സിപിഎമ്മുമായി അകന്ന് മത്സരിച്ച പെണ്ണമ്മ തോറ്റു. 1977ല്‍ ജയം കേരള കോണ്‍ഗ്രസിന്‍റെ പി.സി ജോസഫിനൊപ്പം. 1980ല്‍ മണ്ഡലം കണ്ടത് കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള പോര്. കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂരിനെ ജേക്കബ് വിഭാഗത്തിന്‍റെ വിവി ജോസഫ് തോല്‍പ്പിച്ചു.

1982ലും ജോസഫ് ജയം തുടര്‍ന്നു. 1987ല്‍ സിറ്റിങ് എംഎല്‍എയെ സ്വതന്ത്രനായ എ.വി ഐസക് തോല്‍പ്പിച്ചു. 3,456 വോട്ടിനായിരുന്നു ഐസക്കിന്‍റെ ജയം. തുടര്‍ന്നുള്ള 15 വര്‍ഷങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ജോണി നെല്ലൂര്‍ മണ്ഡലം കയ്യടക്കി. 1991ല്‍ സിറ്റിങ് എംഎല്‍എയെ 3779 വോട്ടിനാണ് ജോണി നെല്ലൂര്‍ പരാജയപ്പെടുത്തിയത്. 1996ല്‍ സ്വതന്ത്രനായ പിഎം തോമസിനെ തോല്‍പ്പിച്ചാണ് കേരള കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയത്. ഇത്തവണ ഭൂരിപക്ഷം 9,696 വോട്ടായി ഉയര്‍ന്നു. 2001ല്‍ സിപിഐയുടെ ജോര്‍ജ് കുന്നപ്പിള്ളിയായിരുന്നു ജോണി നെല്ലൂരിന്‍റെ എതിരാളി. ഏറ്റവുമധികം കാലം എംഎല്‍എയായി തുടര്‍ന്ന ജോണി നെല്ലൂരിന് 2006ല്‍ കാലിടറി. ഡി.ഐ.സി സ്ഥാനാര്‍ഥിയായി മത്സരിച്ച നെല്ലൂരിനെ 13,225 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സിപിഐയുടെ ബാബു പോള്‍ അട്ടിമറിച്ചു. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് സിപിഐ സീറ്റ് തിരിച്ചുപിടിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പ് 2011

2006ലെ മികച്ച ജയം സിറ്റിങ് എംഎല്‍എ ബാബു പോളിന് നേടാനായില്ല. 5,163 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്‍റെ ജോസഫ് വാഴയ്ക്കൻ ജയിച്ചു. 49.27% വോട്ട് നേടിയയാണ് യുഡിഎഫ് സിപിഐയില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചത്. ബാബു പോളിന് 42.70% വോട്ട് മാത്രമാണ് നേടാനായത്. ബിജെപിക്ക് നേട്ടമൊന്നും അവകാശപ്പെടാനായില്ല.

നിയമസഭ തെരഞ്ഞെടുപ്പ് 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

ഇത്തവണയും സിറ്റിങ് എംഎല്‍എയെ ജനം തോല്‍പ്പിച്ചു. യുഡിഎഫിന്‍റെ ജോസഫ് വാഴയ്ക്കനെ 9,375 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സിപിഐയുടെ എല്‍ദോ എബ്രഹാം പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ച സിപിഐ 3.81% വോട്ട് അധികം നേടി. ബിജെപിയുടെ പിജെ തോമസ് 9,759 വോട്ട് നേടി നിലമെച്ചപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി യുഡിഎഫ് മൂവാറ്റുപുഴ നഗരസഭ പിടിച്ചെടുത്തു. 10 ഗ്രാമപഞ്ചായത്തുകള്‍ നേടി യുഡിഎഫ് കരുത്ത് തെളിയിച്ചു. പാലക്കുഴയില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്.

ABOUT THE AUTHOR

...view details