കോഴിക്കോട് :ഈ ജന്മദിനം എം ടിക്ക് ഇരട്ടി മധുരമാണ്. ജൂലായ് 15ന് 89 വയസ് പൂർത്തിയാകുമ്പോൾ എം ടി വാസുദേവൻ നായർ വീണ്ടും 'ഓളവും തീരവും' സെറ്റിലാണ്. എം.ടിയുടെ രചനയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1969ൽ പുറത്തിറങ്ങിയ ഓളവും തീരവും എന്ന ചിത്രത്തിന്‍റെ പുനരാവിഷ്‌കാരമാണ് ഒരുങ്ങുന്നത്.
തൊടുപുഴയിലെ ലൊക്കേഷനിൽ എം.ടി പിറന്നാൾ ആഘോഷിക്കുമ്പോൾ അതൊരു അപൂർവ നിമിഷമായിരിക്കും. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ എം ടിയുടെ മകൾ അശ്വതിയാണ്. പഴയ ചിത്രത്തിലെ പ്രണയിനികളായ ബാപ്പൂട്ടിയേയും നബീസയെയും അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമായിരുന്നു. പുനരാവിഷ്‌കാരത്തിലാകട്ടെ മോഹൻലാലും കോഴിക്കോട് സ്വദേശിനി ദുർഗയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോസ് പ്രകാശ് അവതരിപ്പിച്ച വില്ലനായ കുഞ്ഞാലിയെ ഹരീഷ് പേരടിയാണ് അവതരിപ്പിക്കുന്നത്. ബീവാത്തുവിൻ്റെ റോളിൽ സുരഭി ലക്ഷ്മിയും മമ്മദ്ക്കയായി മാമുക്കോയയും പുതിയ 'ഓളവും തീരവും' സൃഷ്ടിക്കും. എം.ടിയുടെ പത്ത് ചെറുകഥകളെ അധികരിച്ചുള്ള സിനിമാസംരംഭമായ 'ആന്തോളജി'യിലെ ആദ്യ സിനിമയാണിത്.
എം ടിയുടെ മകള്‍ അശ്വതി സംവിധായികയാകുന്നു : എം ടിയുടെ മകള്‍ അശ്വതി ഈ സംരംഭത്തിലൂടെ സ്വതന്ത്ര സംവിധായികയാകും. എംടിയുടെ 'വില്‍പ്പന' എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. തിരക്കഥ എംടിയുടേത് തന്നെ. ആസിഫ് അലിയും മധുബാലയുമാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്തോളജിയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറും അശ്വതിയാണ്. 'ഓളവും തീരവും' പ്രിയദര്‍ശന്‍ പുനരാവിഷ്കരിക്കുമ്പോൾ, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റുചിത്രങ്ങള്‍ ഒരുക്കുന്നത്.