എറണാകുളം : മൊഫിയ പർവീൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലുവ റൂറൽ എസ് പി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ നിരവധി തവണ ടിയർ ഗ്യാസ് പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ബാരിക്കേഡ് ഭേദിച്ച് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ആദ്യം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസിന് നേരെ വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞു. ഇത് രൂക്ഷമായതോടെയാണ് പൊലീസ് തുടർച്ചയായി ടിയർ ഗ്യാസ് പ്രയോഗിച്ചത്. ശക്തമായ കണ്ണെരിച്ചിലും ശ്വാസതടസവും നേരിട്ട പ്രവർത്തകർ പിന്തിരിഞ്ഞോടി. ടിയർ ഗ്യാസ് പൊട്ടി പ്രവർത്തകർക്ക് പരിക്കേറ്റതായി ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ ആലുവ എസ്.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം READ MORE:Mofiya's Suicide | ആരോപണ വിധേയനായ സി.ഐ ഇപ്പോഴും ചുമതലയില്‍, പ്രതിഷേധം ശക്തം
അതേസമയം പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി പ്രതിഷേധം തുടങ്ങി. പ്രവർത്തകർ പൊലീസിന് നേരെ മുട്ടയേറ് നടത്തി. പ്രവർത്തകരെ തുരത്തിയോടിക്കാനെത്തിയ പൊലീസുകാരെ ആലുവ എ.എസ്.പി കെ.ലാൽജിയെത്തി ബാരിക്കേഡിന് പിന്നിലേക്ക് മാറ്റി. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് കോൺഗ്രസ് നിലപാട്.
അതേസമയം ആലുവ എസ്.പി. ഓഫിസിന് മുന്നിലെ പ്രതിഷേധം ഉച്ചയോടെ അവസാനിപ്പിച്ചു. തുടർ സമര പരിപാടികൾ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് ഡി.സി.സി അറിയിച്ചു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികൾ ബുധനാഴ്ച രാവിലെ തുടങ്ങിയ കുത്തിയിരിപ്പ് സമരം ഇപ്പോഴും തുടരുകയാണ്.