എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെല്ലുവിളിച്ച് മന്ത്രി പി രാജീവ്. ഭൂമിയ്ക്കിടയിലെ ബോംബ് എന്ന് ഗെയിലിനെതിരെ താൻ പറഞ്ഞതായി വി.ഡി സതീശൻ കള്ളം പ്രചരിപ്പിക്കുന്നു. താൻ അങ്ങനെ പറഞ്ഞതായി പ്രതിപക്ഷ നേതാവ് തെളിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഗെയിലിനെതിരെ സമരം ചെയ്‌തത് അർഹമായ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്, അതിന്‍റെ ഗുണം പറവൂരിലെ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അർഹമായ നഷ്‌ടപരിഹാരം നൽകിയാണ് ഇടതു സർക്കാർ ഗെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. പ്രതിപക്ഷ നേതാവ് വാട്‌സ്ആപ്പില്‍ നിന്ന് രാഷ്ട്രീയം പഠിക്കരുതെന്നും മന്ത്രി പരിഹസിച്ചു.
പ്രതിപക്ഷ നേതാവിന് പ്രത്യേക രഹസ്യ അജണ്ട: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിക്ക് ലഭിക്കുന്ന ജനപിന്തുണ പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു. സഭയ്ക്ക് എതിരെ പറയുന്ന വി.ഡി സതീശൻ ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല. പ്രതിപക്ഷ നേതാവിന് പ്രത്യേക രഹസ്യ അജണ്ടയുള്ളതായി സംശയിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.
വികസനത്തിന്‍റെ രാഷ്ട്രീയമാണ് തങ്ങൾ മുന്നോട്ട് വെക്കുന്നത്. വി.ഡി സതീശന്‍റെ പ്രസ്‌താവനകളോട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെ പ്രതികരിക്കുന്നുണ്ട്. എറണാകുളത്തിന്‍റെ വികസനത്തെ കുറിച്ച് പ്രതിപക്ഷ നേതാവിന് അറിയാൻ ഇടയില്ലെന്ന് കെ.വി തോമസ് തന്നെ പറഞ്ഞിരുന്നു.