എറണാകുളം: പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായി കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ തിരുവോണ നാളിൽ ഉപവസിച്ചു. സംസ്ഥാനത്തെ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ പിഎസ്‌സിയുടെ നടപടിക്കെതിരെ ഉദ്യോഗാർഥികൾക്ക് പിന്തുണയുമായിട്ടാണ് മാത്യു കുഴൽനാടൻ സ്വഗ്രഹത്തിൽ തിരുവോണ നാളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഉപവാസ സമരം നടത്തിയത്. ശശി തരൂർ എംപി ഓൺലെനിൽ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്തു.
പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായി മാത്യു കുഴൽനാടന്‍റെ ഉപവാസം - പിഎസ്‌സി ഉദ്യോഗാർഥികൾ
കാസർകോട്ടെ സ്റ്റാഫ് നഴ്സ് തസ്തികയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ച ഉദ്യോഗാർഥികൾക്കെതിരെ സ്വീകരിച്ചിട്ടുള്ള ശിക്ഷ തികച്ചും ഫാസിസ്റ്റ് നടപടിയാണന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു.

കാസർകോട്ടെ സ്റ്റാഫ് നഴ്സ് തസ്തികയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ച ഉദ്യോഗാർഥികൾക്കെതിരെ സ്വീകരിച്ചിട്ടുള്ള ശിക്ഷ തികച്ചും ഫാസിസ്റ്റ് നടപടിയാണന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്നത് ഫാസിസ്റ്റുകൾ ആണ്. അവരിൽ നിന്നും ഭീഷണിയുടെ സ്വരം ഉയരാറുണ്ട്. പിഎസ്‌സി പോലൊരു ഭരണഘടന സ്ഥാപനം ഈ നിലയിൽ പെരുമാറുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. എന്ത് നിയമത്തിന്‍റെ പിൻബലത്തിലാണ് ഈ ശിക്ഷ നടപടിയും ഭീഷണിയുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാര്യമായ നിയമനങ്ങൾ ഒന്നും നടത്താതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒന്നിന് പിറകെ ഒന്നായി അവസാനിപ്പിക്കുന്നു. സാങ്കേതികത്വവും നിയമ നൂലാമാലകളും പറഞ്ഞ് നിരവധി റാങ്ക് ലിസ്റ്റുകളിലെ നിയമനം തടഞ്ഞു വെച്ചിരിക്കുന്നു. പരീക്ഷ കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഷോർട്ട് ലിസ്റ്റുകൾ പോലും പ്രസിദ്ധീകരിക്കാതെ ഇരിക്കുന്നു. ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങൾ പലതു കഴിഞ്ഞിട്ടും വെരിഫിക്കേഷൻ പൂർത്തിയാക്കി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാതെ നീട്ടികൊണ്ടു പോകുന്നു. ഈ അവസ്ഥയിൽ അവർ പ്രതികരിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും അവർക്ക് പിന്തുണ നൽകുന്നതാണ് തന്‍റെ ഉപവാസമെന്നും മാത്യു കുഴല്‍നാടൻ പറഞ്ഞു.