എറണാകുളം: മരടിൽ പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ലാറ്റ് സമുച്ചയങ്ങളിലെ വാതിലുകളും ജനലുകളും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ പരാതിയുമായി ജസ്റ്റിസ് കെ. ബാലകൃഷ്‌ണൻ നായർ കമ്മിറ്റിയെ സമീപിച്ചു. ഈ പരാതികൾ പരിശോധിക്കാനായി കമ്മിറ്റിയുടെ പ്രത്യേക സിറ്റിങ് കൊച്ചിയിൽ ആരംഭിച്ചു.
പൊളിച്ചു മാറ്റുന്ന ഉപകരണങ്ങൾ വേണമെന്ന ആവശ്യവുമായി ഫ്ലാറ്റ് ഉടമകൾ രംഗത്തെത്തിയതോടെ പൊളിക്കൽ കരാർ നൽകിയിട്ടുള്ള കമ്പനികൾ പ്രതിസന്ധിയിലായി. എഡിഫെയ്‌സ്, വിജയ് സ്റ്റീൽസ് എന്നീ കമ്പനികളുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റുന്ന സമുച്ചയങ്ങളിലെ ജനലുകളും വാതിലുകളും നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്ന സമയത്താണ് ഫ്ലാറ്റ് ഉടമകൾ പുതിയ പരാതിയുമായി സമിതിക്ക് മുന്നിൽ എത്തിയിരിക്കുന്നത്. എന്നാൽ ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കരാർ പ്രകാരം ഇത്തരം സാധനങ്ങളുടെ ഉടമസ്ഥാവകാശം പൊളിക്കാൻ കരാറെടുത്ത കമ്പനികൾക്കാണെന്നും കമ്പനി പ്രതിനിധികൾ നിലപാട് അറിയിച്ചു. ഈ സാഹചര്യത്തിൽ ജസ്റ്റിസ് കെ. ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ ചേരുന്ന സമിതിയുടെ നിലപാട് നിർണായകമാകും.