എറണാകുളം:നിയമം ലംഘിച്ച് പണിത മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീകോടതി വിധി നടപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രത്യക്ഷ സമരത്തില്‍ നിന്നും സി.പി.ഐ പിന്‍മാറി. ഇന്ന് മുതല്‍ സമരം നടത്താനാണ് സി.പി.ഐ തീരുമാനിച്ചിരുന്നത്. എറണാകുളം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പിന്മാറ്റം.
മരട് ഫ്ലാറ്റ് വിഷയം: പ്രത്യക്ഷ സമരത്തില്‍ നിന്നും സി.പി.ഐ പിന്മാറി - മരട് ഫ്ലാറ്റ് വിഷയം
എറണാകുളം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പിന്മാറ്റം.
അതേസമയം കോടതി വിധി നടപ്പാക്കണമെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു വ്യക്തമാക്കി. തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന നിലപാട് സര്‍വ്വകക്ഷി യോഗത്തിലും സിപിഐ അറിയിച്ചിരുന്നു. പ്രകൃതിയുടെ ആവാസ വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ തീരദേശ പരിപാലന നിയമം പാലിക്കണമെന്നും നിയമം ലംഘിക്കാനുള്ളതാണെന്ന പൊതുധാരണ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നിയമം അറിഞ്ഞ് ലംഘിച്ച ഫ്ലാറ്റ് നിര്‍മാതാക്കളാണ് കുറ്റക്കാര്‍. അവര്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് പണം തിരികെ നല്‍കി അവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സുപ്രീംകോടതി വിധിയുടെ അന്തസത്ത എല്ലാവരും ഉള്‍ക്കൊള്ളണമെന്നും പി. രാജു പറഞ്ഞു.