മകൻ അച്ഛനെയും അമ്മയെയും തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി - ഏളമക്കര കൊലപാതകം
എറണാകുളം ഏളമക്കരയിലാണ് സംഭവം. സുഭാഷ് നഗറിൽ അഞ്ചനപ്പിള്ളി ലൈനിലെ താമസക്കാരായ ഷംസുവിനെയും ഭാര്യ സരസ്വതിയെയുമാണ് മകൻ സനൽ തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്.

എറണാകുളം: ഏളമക്കരയിൽ മകൻ അച്ഛനെയും അമ്മയെയും തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. തിങ്കളാഴ്‌ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എളമക്കര സുഭാഷ് നഗറിൽ അഞ്ചനപ്പിള്ളി ലൈനിലെ താമസക്കാരായ ഷംസുവിനെയും ഭാര്യ സരസ്വതിയെയുമാണ് മകൻ സനൽ തലക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ എട്ടരയോടെയാണ് സംഭവം. സനലിന് മാനസിക അസ്വാസ്ഥ്യമുള്ളതായി പറയുന്നു. രാവിലെ മുതൽ വാക്കത്തിയുയർത്തി അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ വീടിനു പുറത്തേക്കിറങ്ങിയ സരസ്വതി ഷംസു വന്ന ശേഷം തിരിച്ച് അകത്തേക്ക് കയറുമ്പോഴാണ് ഇരുവരെയും ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചു വീഴ്ത്തിയത്. ശേഷം മരണമുറപ്പാക്കുന്നതിന് വേണ്ടി പ്രതി ഇരുവരെയും വെട്ടുകയും ചെയ്തു. എളമക്കര പൊലീസ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിൻ ഷിപ്പ്‌യാർഡിലെ റിട്ടയേർഡ് ജീവനക്കാരനാണ് ഷംസു.