എറണാകുളം: സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനിലെ എം. ശിവശങ്കറിന്‍റെ കോഴയാണ് എന്ന ഇ.ഡിയുടെ കണ്ടെത്തൽ അവരുടെ കേസിന് എതിരാണെന്ന് കോടതി. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ല. മാത്രമല്ല മറ്റ് പദ്ധതികളിൽ നിന്ന് കോഴ ലഭിച്ചു എന്ന കണ്ടെത്തൽ ഈ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കള്ളപണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി. അറസ്റ്റ് ചെയ്ത എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി.
ലൈഫ് മിഷൻ കോഴ കള്ളപ്പണ കേസുമായി ബന്ധിപ്പിക്കാനാകില്ലെന്ന് കോടതി
ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടന്ന പ്രധാന പ്രതി സ്വപ്നയുടെ മൊഴി അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കടുത്ത മാനസിക സമർദ്ദം മൂലമാകാം സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നൽകിയിരിക്കുന്നതെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ.
അതേ സമയം ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടന്ന പ്രധാന പ്രതി സ്വപ്നയുടെ മൊഴി അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അനധികൃത വരുമാനം ലോക്കറിൽ സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കറെന്നത് സ്വപ്നയുടെ മൊഴി മാത്രമാണെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ കള്ളകടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കർ സഹായിച്ചതെന്നാണ് ഇഡിയുടെ റിപ്പോർട്ടിലൂടെ മനസിലാകുന്നതെന്ന് കോടതി പറഞ്ഞു. കടുത്ത മാനസിക സമർദ്ദം മൂലമാകാം സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നൽകിയിരിക്കുന്നത്. നാല് മാസമായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ് സ്വപ്ന കഴിയുന്നതെന്നും പ്രതിഭാഗം വാദിച്ചു.
നയതന്ത്ര ബാഗേജ് വിട്ടു കിട്ടാൻ കസ്റ്റംസിലെ ഏത് ഉദ്യോഗസ്ഥനെ ശിവശങ്കർ വിളിച്ചുവെന്ന് വ്യക്തമാക്കുന്നില്ല. ഇ.ഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇഡിയുടെ ചോദ്യാവലിയിലെ ഓരോ പേജിലും രണ്ട് തവണ മുഖ്യമന്ത്രിയെക്കുറിച്ച് ചോദിക്കുന്നുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. എൻഫോഴ്‌സ്‌മെന്‍റിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് രാജുവും ശിവശങ്കറിന് വേണ്ടി അഡ്വക്കറ്റ് രാമൻ പിള്ളയും ഹാജരായി. ജാമ്യപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം വാദം തുടരും.