എറണാകുളം:സംസ്ഥാനത്തെ അശാസ്‌ത്രീയ രീതിയിലുള്ള ലോക്ക്‌ഡൗണിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചു. രണ്ട് പ്രളയങ്ങളും രണ്ട് കൊവിഡ് തരംഗങ്ങളും തകർത്ത കേരളത്തിലെ വ്യാപാരികൾക്ക് കൊവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ടി.പി.ആർ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയമായ ലോക്ക്ഡൗൺ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരികളുടെ ഹർജി.
കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം രോഗബാധിതരായവരുടെ വീടുകളും പരിസരവും അടുത്ത ബന്ധുക്കളെയും ഐസൊലേറ്റ് ചെയ്യണം. തുടർന്ന് ഇവരെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കേണ്ടതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയാണ് ഹൈക്കോടതിയിൽ ഹർജിയിൽ സമർപ്പിച്ചത്. ടാക്‌സ് ഇളവും, കട വാടക നികുതി ഒഴിവാക്കുകയും, കെ.എസ്.ഇ.ബി കുടിശിക ഇളവു ചെയ്യുകയും, ലോണുകൾക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനുമായി നിർദേശം നൽകാനായി ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിക്കുകയും സ്റ്റോക്ക് നശിക്കുന്നതടക്കമുള്ള നഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നല്കുകയും ജി.എസ്.ടി തിരികെ നൽകുന്നതുൾപ്പെടെയുള്ള ആശ്വാസ നടപടികൾ കൊവിഡ് അതിജീവന പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കെ.വി. അബ്ദുല്‍ ഹമീദ്, എം.കെ. തോമസുകുട്ടി, പി. കുഞ്ഞാവു ഹാജി, സംസ്ഥാന സെക്രട്ടറിയമാരായ എ.ജെ. ഷാജഹാൻ, പി.സി. ജേക്കബ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജിക്കാർക്ക് വേണ്ടി ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് എസ്. ശ്രീകുമാർ, അഡ്വ. സി.ആർ. രാഖേഷ് ശർമ്മ എന്നിവർ ഹാജരാകും.
READ MORE:'ഇനി സമരത്തിനില്ല, കടകൾ തുറക്കുന്നത് മുഖ്യമന്ത്രി പ്രഖ്യാപിക്കും:' വ്യാപാരി സംഘടനകൾ