കേരളം

kerala

ETV Bharat / city

കോണ്‍ഗ്രസ് വിടില്ല: വിലക്ക് ലംഘിച്ച് കെ.വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് - കെവി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കും

കോണ്‍ഗ്രസാണ് തെറ്റ് തിരുത്തേണ്ടതെന്ന് കെ.വി തോമസ്

kv thomas cpm party congress seminar  cpm party congress seminar controversy  23rd party congress latest  കെവി തോമസ് സിപിഎം പാർട്ടി കോണ്‍ഗ്രസ് സെമിനാര്‍  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാർ വിവാദം  കെവി തോമസ് പുതിയ വാര്‍ത്ത  കെവി തോമസ് സിപിഎം  കെവി തോമസിനെതിരെ സുധാകരന്‍  കെവി തോമസ് സിപിഎം സെമിനാർ കെപിസിസി എതിര്‍പ്പ്  കെവി തോമസ് സിപിഎം സെമിനാർ
കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും; പുറത്താക്കാനുള്ള അധികാരം എഐസിസിക്ക് മാത്രം

By

Published : Apr 7, 2022, 11:30 AM IST

Updated : Apr 7, 2022, 12:41 PM IST

എറണാകുളം: 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. കൊച്ചിയിൽ വാർത്ത സമ്മേളനം നടത്തിയാണ് കെ.വി തോമസ് തന്‍റെ നിലപാട് പ്രഖ്യാപിച്ചത്. സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണെന്നും സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്ത് വിരോധമാണുള്ളതെന്നും കെവി തോമസ് ചോദിച്ചു.

സംസ്ഥാന-കേന്ദ്ര ബന്ധത്തെ അധികരിച്ചാണ് സെമിനാർ നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു സെമിനാറിന് പ്രസക്തിയുണ്ട്. ഈ സെമിനാറിന്‍റെ ദേശീയ പ്രാധാന്യത്തെക്കുറിച്ചു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും കേന്ദ്ര നേതൃത്വം അനുകൂല നിലപാട് എടുക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.

കെവി തോമസ് മാധ്യമങ്ങളോട്

'പങ്കെടുക്കുന്നത് സെമിനാറില്‍, സമ്മേളനത്തിലല്ല': സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമല്ല. കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ സിപിഎമ്മുമായി കൈകോർത്താണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. രാഹുൽ ഗാന്ധി ഉൾപ്പടെ സിപിഎം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കോൺഗ്രസിനോടൊപ്പം നിൽക്കുന്ന കരുത്തനാണ്. അദേഹം സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ മാത്രം എന്താണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുന്നതെന്നും കെ.വി തോമസ് ചോദിച്ചു.

ബിജെപിയെ എതിര്‍ക്കുന്നവരും വര്‍ഗീയതയെ എതിർക്കുന്നവരും ഒന്നിച്ച് നില്‍ക്കണം. കണ്ണൂരില്‍ നടക്കുന്നത് ദേശീയ സമ്മേളനമാണ്, താന്‍ പങ്കെടുക്കുന്നത് സെമിനാറിലാണ്. കോണ്‍ഗ്രസാണ് തെറ്റ് തിരുത്തേണ്ടതെന്നും കെ.വി തോമസ് പറഞ്ഞു.

അരമണിക്കൂർ സമയമാണ് തനിക്ക് സെമിനാറിൽ അനുവദിച്ചത്. സെമിനാറിൽ പങ്കെടുത്ത് തനിയ്ക്ക് പറയാനുള്ള കാര്യങ്ങൾ പറയും. സെമിനാറിൽ പങ്കെടുക്കാൻ ഒരുങ്ങിയെന്നും കെ.വി തോമസ് വ്യക്തമാക്കി.

പുറത്താക്കാനുള്ള അധികാരം എഐസിസിക്ക്: സെമിനാറിൽ പങ്കെടുത്താൽ കോൺഗ്രസിലുണ്ടാവില്ലെന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകന്‍റെ മുന്നറിയിപ്പ് കെ.വി.തോമസ് തള്ളി. എഐസിസി അംഗമായ തനിക്കെതിരെ നടപടിയെടുക്കേണ്ടത് എഐസിസിയാണ്, അത് പോലും മനസിലാക്കാതെയാണ് സംസാരിക്കുന്നത്. തന്നെ പുറത്താക്കാനുള്ള അധികാരം എഐസിസിക്ക് മാത്രമാണെന്നും കെ.വി തോമസ് വ്യക്തമാക്കി.

മുതിർന്ന നേതാവായ തനിക്ക് കോൺഗ്രസിൽ അർഹമായ സ്ഥാനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ നിരന്തരമായി അവഗണിക്കുകയാണ്. തനിക്ക് ഇതുവരെ ലഭിച്ച സ്ഥാനങ്ങൾ പ്രവർത്തനങ്ങളിലൂടെ ലഭിച്ചതാണ്.

ജനങ്ങളാണ് തന്നെ ജയിപ്പിച്ചത്. പ്രായമാണ് മാനദണ്ഡമെങ്കിൽ എല്ലാവർക്കും ബാധകമാക്കണം. തന്നോട് മാത്രം എന്താണ് വിവേചനം കാണിക്കുന്നതെന്നും കെ.വി തോമസ് ചോദിച്ചു.

2018ന് ശേഷം രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല. പാർട്ടി വിടില്ലെന്നും താൻ മാനസികമായി പാർട്ടിയ്ക്കകത്താണന്നും കെ.വി തോമസ് പറഞ്ഞു. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിന്‍റെ ക്ഷണം: സിപിഎമ്മിന്‍റെ ക്ഷണം ലഭിച്ചതിന് പിന്നാലെ സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കെ.വി തോമസ് കത്തയച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കെ.വി തോമസിന്‍റെ നിലപാട്. സെമിനാറില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം കെ.വി തോമസിനെ അറിയിച്ചിരുന്നു.

കെ സുധാകരന്‍ നേതൃത്വത്തിന്‍റെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തു. പാര്‍ട്ടിക്ക് പുറത്തുപോകണമെന്ന് ആഗ്രഹമുണ്ടെങ്കിലേ കെവി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കൂവെന്ന് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെ.വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞിരുന്നു.

Last Updated : Apr 7, 2022, 12:41 PM IST

ABOUT THE AUTHOR

...view details