എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണൻ തന്നെ തുടരും. എറണാകുളത്ത് നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാർട്ടിയെ നയിക്കാൻ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാർട്ടി പ്രവർത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.
2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അന്നത്തെ സെക്രട്ടറി പിണറായി വിജയന് പകരമായി ആ സ്ഥാനത്തേക്ക് കോടിയേരിയെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. 2018ൽ തൃശൂരിൽ നടന്ന സമ്മേളനത്തിലും കോടിയേരി തന്നെ തുടരുകയായിരുന്നു. ഒരാൾക്ക് മൂന്ന് ടേം വരെ സെക്രട്ടറിയായി ചുമതല വഹിക്കാം എന്നതിനാലാണ് കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ പാർട്ടി അനുവദിച്ചത്.
കെ.എസ്.എഫില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം
കോടിയേരി ബാലകൃഷ്‌ണൻ 17-ാം വയസിലാണ് സിപിഎമ്മിൽ പൂർണ അംഗത്വം ലഭിച്ച് പാർട്ടി മെമ്പർ ആവുന്നത്. 1970ൽ എസ്എഫ്ഐയുടെ ആദ്യ രൂപമായ കെ.എസ്.എഫിന്‍റെ നേതൃനിരയിൽ പ്രവർത്തിക്കവെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.