എറണാകുളം: ഹൈക്കോടതി വിധി അനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കോടഞ്ചേരിയിലെ മിശ്രവിവാഹ ദമ്പതികളായ ജോയ്‌സ്‌നയും ഷെജിനും. 18 വയസ് പൂർത്തിയായ തങ്ങൾക്ക് ഇഷ്‌ട പ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്നും താമശ്ശേരി കോടതിയിൽ നൽകിയ മൊഴി ആവർത്തിക്കുകയായിരുന്നുവെന്നും ഇരുവരും വ്യക്‌തമാക്കി.
സമാധാനമായി ജീവിക്കണം; മാതാപിതാക്കളെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് ജോയ്‌സ്‌ന ജോയ്‌സ്‌നയെ വിവാഹം കഴിച്ച ശേഷം ഉപ്പയുടെ അനുജന്‍റെ വീട്ടിലായിരുന്നു തങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ തങ്ങൾ എസ്.ഡി.പി.ഐ കേന്ദ്രത്തിലാണെന്നാണ് ജനം ടി.വി വാർത്ത നൽകിയത്. ഇത്തരത്തിൽ തെറ്റായ നിരവധി വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടത്.
താൻ ഒരു മതവിശ്വാസിയല്ല. ജോയ്‌സ്‌ന ക്രിസ്‌തുമത വിശ്വാസിയാണ്. അവൾക്ക് ജീവിതാവസാനം വരെ അവളുടെ മതത്തിൽ ജീവിക്കാം. അതിൽ തനിക്ക് എതിർപ്പില്ല. അത് വ്യക്തിപരമായ കാര്യമാണന്നും ഷെജിൻ പറഞ്ഞു.
അതേസമയം മാതാപിതാക്കളോട് രണ്ടു പേരും പോയി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് ജോയ്‌സ്‌ന പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് കാര്യങ്ങൾ മനസിലാകില്ല. ഇഷ്ട്ടപ്പെട്ട വ്യക്തിയായ ഷെജിനുമായാണ് വിവാഹിതയായത്. ഷെജിന്‍റെ കൂടെ പോകാനാണ് ആഗ്രഹിച്ചത്. അത് കോടതി അനുവദിച്ചുവെന്നും ജോയ്‌സ്‌ന കൂട്ടിച്ചേർത്തു.