എറണാകുളം: കൊടകര കുഴൽപ്പണ കവർച്ച കേസിൽ പ്രതികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് കേസിലെ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം പൂർത്തിയാക്കുകയും പ്രതികൾക്കെതിരായ കുറ്റപത്രം ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച സാഹചര്യത്തിലാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതികളെ ദീർഘകാലം ജയിലിൽ അടക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. വിചാരണ നടപടികൾക്ക് വേണ്ടി പ്രത്യേക കോടതി രൂപീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ വിചാരണ നടപടികൾ നീണ്ട് പോകാനുളള സാഹചര്യമുണ്ട്. അതിനാൻ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം നൽകുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ബാബു, സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീബ് , അബ്ദുൽ ഷാഹിദ്, ബഷീർ, റഷീദ്, സുൽഫിക്കർ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവക്കണം, തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം, സാക്ഷികളെ സ്വാധീനിക്കുകയോ അന്വേഷണത്തിൽ ഇടപെടുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.