എറണാകുളം:കൊച്ചി മെട്രോ പേട്ട സ്റ്റേഷനില്‍ നിന്ന് എസ്എന്‍ ജംങ്‌ഷന്‍ വരെയുള്ള പുതിയ പാതയിലെ അന്തിമ പരിശോധന ആരംഭിച്ചു. മെട്രോ റെയില്‍ സുരക്ഷ കമ്മിഷണര്‍ അഭയ് കുമാര്‍ റായിയുടെ നേതൃത്വത്തില്‍ സിഗ്നലിങ്, ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്‌ധർ അടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ഈ പാതയിലൂടെയുള്ള മെട്രോ യാത്രാ സര്‍വീസ് നടത്താന്‍ സുരക്ഷ കമ്മിഷണറുടെ അനുമതി ആവശ്യമാണ്.
ആദ്യം സാങ്കേതിക പരിശോധന: എസ്‌കലേറ്റർ, സിഗ്നലിങ് സംവിധാനങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂം, യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ തുടങ്ങിയവയാണ് ആദ്യം പരിശോധിച്ചത്. സുരക്ഷ പരിശോധനയ്ക്ക് എത്തിയ മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണർ ഉൾപ്പടെയുള്ള സംഘത്തെ കെഎംആർഎൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ, ഡയറക്‌ടര്‍ സിസ്റ്റംസ് ഡി.കെ സിൻഹ എന്നിവർ സ്വീകരിച്ചു.
കെഎംആർഎല്‍ നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാത:ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടർ ജനറല്‍, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് തുടങ്ങിയവയില്‍ നിന്നുള്‍പ്പെടെയുള്ള അനുമതി നേടിയ ശേഷമാണ് പാതയുടെ അവസാന പരിശോധന മെട്രോ റെയില്‍ സുരക്ഷ കമ്മിഷണര്‍ നടത്തുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്എന്‍ ജങ്‌ഷന്‍ വരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്.