എറണാകുളം : കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിനെതിരായ കുറ്റപത്രം സമർപ്പിച്ചു. ലൈംഗിക പീഡനവും സാമ്പത്തിക തട്ടിപ്പുമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കൊച്ചി സെൻട്രൽ പൊലീസും വനിത പൊലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ രണ്ട് കുറ്റപത്രങ്ങളാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന കാര്യവും കുറ്റപത്രത്തിലുണ്ട്.
പ്രതിക്ക് ലഹരിമരുന്ന് ഇടപാടുകൾ ഉള്ളതായി സംശയിക്കുന്നതായും ഇക്കാര്യത്തിൽ അന്വേഷണം ശുപാർശ ചെയ്യുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
കേസിനാസ്‌പദമായ സംഭവം
കണ്ണൂർ സ്വദേശിയായ മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ഇരുപത്തിയേഴുകാരിയായ യുവതി പ്രതി മാർട്ടിൻ ജോസഫിനൊപ്പം കൊച്ചിയിലെ ഫ്ലാറ്റിൽ കഴിയുകയായിരുന്നു.
ഇതിനിടെയാണ് യുവതിയെ മാർട്ടിൻ ശാരീരികമായി ആക്രമിക്കുകയും ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്‌തത്. പ്രതിയുടെ കണ്ണുവെട്ടിച്ച് ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
READ MORE:കൊച്ചി ഫ്ലാറ്റ് പീഡനം; പ്രതി മാർട്ടിൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
എന്നാൽ പരാതി വേണ്ട രീതിയിൽ പരിഗണിച്ച് മാർട്ടിനെ പിടികൂടാൻ പൊലീസ് തയ്യാറായിരുന്നില്ല. മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകൾ വന്നതിന് ശേഷമാണ് പൊലീസ് സാഹസികമായി പ്രതിയെ പിടികൂടിയത്.
തൃശൂരിലെ വനമേഖലയിൽ ഒളിച്ചുകഴിയുകയായിരുന്ന മാർട്ടിനെ വ്യാപക തെരച്ചലിന് ശേഷമായിരുന്നു കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത്.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.