എറണാകുളം:കൊച്ചിയില്‍ എടിഎമ്മില്‍ കൃത്രിമം നടത്തി കാല്‍ ലക്ഷം രൂപ കവർന്ന കേസില്‍ പ്രതി പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശി മുബാറക് അലി അന്‍സാരിയാണ് (40) പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കൃത്രിമം നടത്തി കവര്‍ച്ച:ഓഗസ്‌റ്റ് 18, 19 തീയതികളിലായി കളമശ്ശേരി പ്രീമിയർ കവലയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. ഇടപാടുകാര്‍ ഇല്ലാത്ത എടിഎമ്മുകള്‍ നിരീക്ഷിച്ച ശേഷം എടിഎമ്മിനുള്ളില്‍ കയറി, പണം വരുന്ന ഭാഗത്ത് സ്കെയിൽ വലുപ്പത്തിൽ കറുത്ത ഫിലിം പോലെയുള്ള വസ്‌തു ഘടിപ്പിച്ച് പണം പുറത്തേക്ക് വരുന്നത് തടയും. പിന്‍വലിച്ച പണം ലഭിക്കാതെ ഇടപാടുകാർ മടങ്ങുമ്പോൾ ഈ ഉപകരണം മാറ്റി പണം കൈക്കലാക്കുകയായിരുന്നു.
കളമശ്ശേരി പ്രീമിയർ കവലയിലുള്ള എടിഎമ്മിലെ തട്ടിപ്പിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്‌ടാവിന്‍റെ മുഖം വ്യക്തമായിരുന്നു. ഈ എടിഎമ്മില്‍ ഏഴുപേരില്‍ നിന്നായി 25,000 രൂപ നഷ്‌ടമായതായാണ് പരാതി ലഭിച്ചത്. പണം നഷ്‌ടപ്പെട്ട ഇടപാടുകാര്‍ ആദ്യം പരാതിയുമായി ബാങ്കിനെ സമീപിക്കുകയും പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
Read more: എടിഎമ്മില്‍ പണം വരുന്ന ഭാഗം ബ്ലോക്ക് ചെയ്യും, ഇടപാടുകാര്‍ മടങ്ങുമ്പോള്‍ പണം കൈക്കലാക്കും; കൊച്ചിയില്‍ വീണ്ടും എടിഎം തട്ടിപ്പ്
രക്ഷപ്പെടാന്‍ ശ്രമിക്കവെ പിടിയില്‍:ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതി നഗരത്തിലുണ്ടെന്ന നിഗമനത്തെ തുടർന്ന് നഗരം മുഴുവൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇടപ്പള്ളി ഭാഗത്ത് നിന്ന് പൊലീസിനെ കണ്ട പ്രതി ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. തട്ടിപ്പിന് ഉപയോഗിച്ച ഉപകരണവും പൊലീസ് കണ്ടെടുത്തു.
യുപിയിൽ സുഹൃത്തുമായി ചേർന്ന് എടിഎം കവർച്ച നടത്തിയ കേസിലും മുബാറക്ക് പ്രതിയാണ്. ഈ കേസിൽ ഒളിവിൽ പോയ പ്രതി മുംബൈയിലും ബെംഗളൂരുവിലുമൊക്കെ കറങ്ങിയ ശേഷം ഓഗസ്റ്റ് പതിനേഴാം തീയതിയാണ് കൊച്ചിയിലെത്തിയത്. ഇതിന്‍റെ തൊട്ടടുത്ത ദിവസങ്ങളിൽ ഇയാൾ കളമശ്ശേരിയിലെ എടിഎമ്മില്‍ കവർച്ച നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 18ന് നഗരത്തിലെ 11 എടിഎമ്മുകളിലും ഇയാള്‍ സമാനമായി കവര്‍ച്ച നടത്തി. പ്രതി തനിച്ചാണ് കവർച്ച നടത്തിയതെന്നും വിശദമായി ചോദ്യം ചെയ്‌താല്‍ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. 2018ല്‍ മുംബൈയില്‍ ജോലി ചെയ്യുന്നതിനിടെയാണ് എടിഎമ്മില്‍ കൃത്രിമം നടത്താന്‍ ഇയാള്‍ പഠിച്ചത്.
ഒരു തവണ പിടിക്കപ്പെട്ട ഇയാള്‍ മുംബൈയില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.