കൊച്ചി: മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയിൽ മെട്രോ ട്രെയിനിന്‍റെ വേഗത വർധിപ്പിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ കെ.എം.ആർ.എല്ലിന് ഇത് സംബന്ധിച്ച് അനുമതി നൽകിയതിനെത്തുടർന്നാണ് പുതിയ തീരുമാനം. പുതുക്കിയ വേഗം നാളെ മുതല്‍ പ്രാബല്യത്തിൽ വരും.
കൊച്ചി മെട്രോയുടെ വേഗം കൂട്ടുന്നു
മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള പാതയിലെ വേഗത 25ല്‍ നിന്ന് 45 കിലോമീറ്ററായി ഉയര്‍ത്താനാണ് തീരുമാനം. പുതിയ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
വേഗം കൂട്ടാനൊരുങ്ങി കൊച്ചി മെട്രോ
നിലവിൽ 25 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ ഓടുന്നത്. എന്നാൽ പുതിയ തീരുമാനത്തോടെ 45 മുതൽ 50 കിലോമീറ്റർ വരെ വേഗത്തില്‍ മെട്രോ ട്രെയിൻ സർവീസ് നടത്തും. മെട്രോ ട്രെയിനിന്റെ പരമാവധി വേഗത 80 കിലോമീറ്ററാണ്. നിലവിൽ ആലുവയിൽ നിന്ന് തൈക്കുടം വരെയെത്താന്‍ 53 മിനിറ്റാണ് എടുക്കുന്നത്. എന്നാൽ വേഗത വർധിപ്പിക്കുന്നതോടെ ഇത് 44 മിനിറ്റായി ചുരുങ്ങും. പുതിയ തീരുമാനത്തോടെ ആളുകൾക്ക് പണവും സമയവും ലാഭിക്കാൻ കഴിയുമെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ അറിയിച്ചു.