എറണാകുളം: കിഴക്കമ്പലത്തെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിരപരാധികളെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചുവെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. അറസ്റ്റിലായ 164 പേരിൽ 13 പേർ മാത്രമാണ് യഥാർഥ പ്രതികൾ. 151 പേർ നിരപരാധികളാണെന്നും സാബു എം ജേക്കബ് പറഞ്ഞു.
യഥാർഥ പ്രതികളിൽ 2 പേരെ തങ്ങൾ കണ്ടെത്തി പൊലീസിന് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പത്തുപേരെ കൂടി തങ്ങൾ പോലീസിന് കൈമാറി. അന്വേഷണവുമായി സഹകരിക്കും. എന്നാല്‍ നിരപരാധികളെ വേട്ടയാടാൻ അനുവദിക്കില്ല. അവർക്ക് വേണ്ടി അഭിഭാഷകരെ നിയോഗിക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
നിയമ വിരുദ്ധമായ ഒരു പ്രവർത്തനത്തെയും അംഗീകരിക്കുന്നില്ല. സംഘർഷത്തിൽ ഏർപ്പെട്ടവർക്ക് പരമാവധി ശിക്ഷ ലഭിക്കണം. നിർഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്. രാഷ്ട്രീയ പകപോക്കലും കിറ്റെക്‌സ് അടച്ചുപൂട്ടിക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സാബു എം ജേക്കബ് ആരോപിച്ചു.