എറണാകുളം : കേരളം വ്യവസായ സൗഹൃദമല്ലെന്ന് ആവർത്തിച്ച് സാബു എം ജേക്കബ്. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം വീണ്ടും ഉന്നയിച്ചത്. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിറ്റെക്സ് എം.ഡി.
വാഗ്ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പെരുമഴയാണ് തെലങ്കാന നൽകുന്നത്. ഈ മാസം അവസാനം ആയിരം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവയ്ക്കും.
കേരളമാണ് വ്യവസായ സൗഹൃദമെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് സർക്കാരിന്‍റേത്. മറ്റ് സംസ്ഥാനങ്ങളെ കണ്ടുപഠിക്കണം. വ്യവസായ സൗഹൃദമാകുന്നതിന് മറ്റ് സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ച് ഇവിടുത്തെ വകുപ്പിന് അറിയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
കേരളത്തിന് രൂക്ഷവിമർശനം
പൊട്ടക്കിണറില്‍ വീണ തവളയുടെ അവസ്ഥയാണ് വ്യവസായ വകുപ്പിന്‍റേത്. ഇനിയെങ്കിലും യഥാർഥ സൗഹൃദ സംസ്ഥാനമാകാനാണ് കേരളം ശ്രമിക്കേണ്ടത്. വളർന്നുവരുന്ന തലമുറയ്ക്ക് കേരളത്തിൽ ജോലി ചെയ്ത് ജീവിക്കാൻ അവസരമൊരുക്കണം. അല്ലാതെ കേരളം വ്യവസായ സൗഹൃദമാണെന്ന് ആവർത്തിച്ചിട്ട് കാര്യമില്ല.