എറണാകുളം :പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുകയും പ്രൊഫഷണലായി നടത്തുകയും ചെയ്യുന്നതിൽ കേരളം മാതൃക സൃഷ്‌ടിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തികവർഷം 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
ഇതിനുമുമ്പുള്ള സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വർധനവാണ് വിറ്റുവരവിൽ ഉണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് 245.62 ശതമാനത്തിന്‍റെ വർധനവാണിത്. സ്വകാര്യവത്കരണത്തിന് തുടക്കമിട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കേരളം ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ചത് മറ്റൊരു സുപ്രധാന നേട്ടമാണെന്നും മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി.
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ചരിത്രത്തിലാദ്യമായി മാസ്റ്റർ പ്ലാന്‍ തയ്യാറാക്കി. വെള്ളൂർ എച്ച്.എൻ.എൽ കേരളം ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച് കെ.പി.പി.എൽ, കേരള റബ്ബർ ലിമിറ്റഡ് എന്നീ കമ്പനികൾക്ക് രൂപം നൽകുകയും ചെയ്തു. പൊതു മേഖലയെ സംരക്ഷിക്കാനുള്ള കേരളത്തിന്‍റെ നടപടികൾക്ക് കരുത്ത് പകരുന്നതാണ് സ്ഥാപനങ്ങളുടെ പ്രവർത്തന നേട്ടമെന്നും പി.രാജീവ് പറഞ്ഞു.
ചരിത്ര നേട്ടം; പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 3884.06 കോടി സ്വകാര്യ വ്യവസായ പാർക്കുകൾ : സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വ്യവസായ പാർക്കുകളെന്നത് പുതിയ നയത്തിന്‍റെ ഭാഗമല്ല. 2017 മുതൽ സ്വകാര്യ വ്യവസായ പാർക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സംരംഭങ്ങൾ പ്രയോഗികമാക്കുന്നതിന് ആവശ്യമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
41 പൊതുമേഖലാ സ്ഥാപനങ്ങളിൽ 20 കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തന ലാഭത്തിൽ ആയി. അതിന് തൊട്ടുമുൻപുള്ള വർഷം 16 കമ്പനികളായിരുന്നു ലാഭം രേഖപ്പെടുത്തിയത്. പുതുതായി 4 കമ്പനികൾ കൂടി ലാഭത്തിൽ എത്തി. വിറ്റുവരവ്, പ്രവർത്തനലാഭം എന്നീ മേഖലകളിൽ അഞ്ച് കമ്പനികളുടേത് സർവകാല റെക്കോർഡ് ആണ്.
റെക്കോർഡ് നേട്ടം : ചവറ കെ.എം.എം.എൽ ആണ് വിറ്റുവരവിലും പ്രവർത്തന ലാഭത്തിലും ഏറ്റവും മുന്നിൽ. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവർത്തന ലാഭവും കെ.എം.എം.എൽ നേടി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. സംസ്ഥാന ചരിത്രത്തിൽ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം നേടുന്ന ഏറ്റവും ഉയർന്ന പ്രവർത്തന ലാഭവുമാണിതെന്നും മന്ത്രി പറഞ്ഞു.
11 കമ്പനികൾ 10 വർഷത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം, കെൽട്രോൺ കംപോണന്‍റ് എന്നിവ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്.
ALSO READ:'പാർട്ടി കോൺഗ്രസിനില്ല' ; കോടിയേരി ബാലകൃഷ്‌ണന് കത്ത് നൽകി ജി.സുധാകരൻ
മലപ്പുറം സ്‌പിന്നിങ് മിൽ, സ്റ്റീൽ ഇഡസ്ട്രീസ് കേരള, കാഡ്കോ, പ്രിയദർശിനി സ്‌പിന്നിങ് മിൽ, കേരളാ സിറാമിക്‌സ്, ക്ലേയ്‌സ് ആന്‍റ് സിറാമിക്‌സ്, കെ.കരുണാകരൻ സ്‌മാരക സ്‌പിന്നിങ് മിൽ, മലബാർ ടെക്സ്റ്റൈൽസ്, മെറ്റൽ ഇൻഡസ്ട്രീസ്, ട്രിവാൻഡ്രം സ്‌പിന്നിങ് മിൽ, ടെക്സ്റ്റൈൽ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്‌ചവച്ചതായും മന്ത്രി വിശദീകരിച്ചു.